ദുല്‍ഖര്‍ സല്മാന് ചിത്രം 'ആകാശത്തിലെ ഒരു താരകം' ചിത്രത്തിന് മികച്ച പ്രതികരണം. ഫീല്‍ഗുഡ് എന്റര്‍ടെയ്നറായ ചിത്രം തെലുങ്ക് ഇന്ഡസ്ട്രിയിലെ ദുല്‍ഖറിന്റെ ഹാട്രിക് വിജയമാകുമെന്നാണ് വിലയിരുത്തല്‍. ഇതിന് മുന്‍പ് തെലുങ്കില്‍ നായകനായെത്തിയ 'സീതാ രാമം', 'ലക്കി ഭാസ്കര്‍' എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. മലയാളത്തില്‍ ഇടയ്ക്ക് നിരാശപ്പെടുത്തുന്നുണ്ടെങ്കിലും തെലുങ്കില്‍ ദുല്‍ഖര്‍ ഗാരു നിരാശപ്പെടുത്തില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു കുറിപ്പ്.
ദുല്‍ഖറിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിലെ ഏറ്റവും സ്ട്രോങ് ഏരിയ. താരത്തിന്റെ പ്രകടനം കാണാന്‍ വേണ്ടി മാത്രം ചിത്രം കണ്ടാലും നഷ്ടമല്ലെന്നാണ് ഒരു അഭിപ്രായം. പവൻ സാദിനേനി സംവിധാനം ചെയ്ത ചിത്രം, സ്വപ്നങ്ങളെയും അതിജീവനത്തെയും കുറിച്ചുള്ള മനോഹരവും വൈകാരികവുമായ ഒരു സിനിമാ അനുഭവമെന്ന് പ്രേക്ഷകര്‍ പറയുന്നു.
ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിക്കുന്ന കൽപ്പന എന്ന ഗ്രാമീണ പെൺകുട്ടിയായി എത്തിയ പുതുമുഖം സാത്വിക അരങ്ങേറ്റം ഗംഭീരമാക്കി. സ്വാത്വികയുടെ സ്വാഭാവിക അഭിനയവും പക്വതയുള്ള അഭിനയവും ശ്രദ്ധേയമാണെന്നും പ്രേക്ഷകർ കുറിക്കുന്നു. രണ്ടാം പകുതിയിൽ എയ്റോസ്പേസ് എഞ്ചിനീയറായി എത്തുന്ന ശ്രുതി ഹാസനും ദുല്‍ഖറും ഒന്നിച്ചുള്ള രംഗങ്ങള്‍ക്കും പ്രേക്ഷകര്‍ കയ്യടിക്കുന്നു.
ചിത്രത്തിന്റെ വൈകാരിക മുഹൂർത്തങ്ങളെ കൂടുതൽ മനോഹരമാക്കുന്നതിൽ ജി.വി. പ്രകാശ് കുമാറിന്റെ പശ്ചാത്തല സംഗീതവും സുജിത്ത് സാരംഗിന്റെ ഛായാഗ്രഹണവും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിരൂപകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം രണ്ടാം പകുതിക്ക് അല്പം കൂടി വേഗത ഉണ്ടാകാമായിരുന്നുവെന്നും ചില റിവ്യൂവര്‍മാര്‍ പറഞ്ഞു. ചിത്രം സ്ലോ പേസിലാണ് ചലിക്കുന്നത്. പ്രവചനീയ സ്വഭാവം കല്ലുകടിയായെന്നും ഫസ്റ്റ് ഹാഫ് മികച്ചതെങ്കിലും സെക്കന്റ് ഹാഫ് ആവറേജായെന്നും ചിലര്‍ കുറിച്ചു. എന്നിരുന്നാലും ചിത്രം സംതൃപ്തി നല്കി എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരുടേയും അഭിപ്രായം.