dq

Image Credit: youtube/@TheUnder18World

തെലുങ്ക് ചിത്രം ‘ആകാശംലോ ഒക്ക താര’യുടെ പ്രമോഷന്‍റെ ഭാഗമായി കുട്ടികൾക്കൊപ്പമിരുന്ന് പ്രാങ്ക് ചെയ്യുന്ന ദുൽഖര്‍ സമാനന്‍റെ വിഡിയോ വൈറലാകുന്നു. ഫോണിൽ നിന്നും തങ്ങൾക്കുവേണ്ടി പ്രാങ്ക് ചെയ്യാൻ ഒരാളെ തിരഞ്ഞെടുക്കാൻ കുട്ടികള്‍ ദുൽഖറിനോട് ആവശ്യപ്പെടുന്നതും ഉടൻ തന്നെ ഫോണെടുത്ത് കോൾ വിളിച്ച് കുട്ടികൾക്ക് കൊടുക്കുന്നതുമാണ് വിഡിയോയിലുള്ളത്.

തന്‍റെ പ്രിയ സുഹൃത്തായ വിജയ് ദേവരകൊണ്ടയെ ആണ് ദുൽഖർ പ്രാങ്ക് ചെയ്യാനായി തിരഞ്ഞെടുക്കുന്നത്. വിജയ്‌യെ കോൾ ചെയ്തത് കണ്ട് കുട്ടികൾ ഞെട്ടുന്നത് വിഡിയോയിൽ കാണാം. ഉടൻ തന്നെ ‘ഡിക്യു വാട്ട്സാപ്പ്’ എന്നു പറഞ്ഞ് വിജയ് ദേവരകൊണ്ട ഫോൺ എടുക്കുന്നുണ്ട്. ഫോണിൽ പെൺകുട്ടിയാണ് സംസാരിക്കുന്നത്. 

റോഡിൽ നിന്നും ഈ ഫോൺ കളഞ്ഞു കിട്ടിയതാണെന്നും എമർജൻസി കോണ്ടാക്ടിൽ ഈ നമ്പർ കണ്ടതുകൊണ്ടാണ് വിളിച്ചതെന്നും പെൺകുട്ടി ദേവരകൊണ്ടയോട് പറയുന്നു. ദുൽഖറിന് യഥാർഥത്തിൽ ഫോൺ നഷ്ടപ്പെട്ടുപോയെന്നു തന്നെയാണ് വിജയ് ദേവരകൊണ്ടയും വിചാരിക്കുന്നത്. താൻ പറയുന്നൊരു നമ്പറിൽ ഫോൺ എത്തിച്ചുകൊടുക്കാന്‍ കുട്ടിയോട് ദേവരകൊണ്ട ആവശ്യപ്പെടുന്നു. തുടർന്ന് ഫോൺ കട്ട് ആക്കുകയും ചെയ്യുന്നു. പിന്നീട് ദുല്‍ഖർ തന്നെ ദേവരകൊണ്ടയെ വിളിച്ച് ഇതൊരു പ്രാങ്ക് ആണെന്ന് പറയുന്നത് വിഡിയോയിൽ കാണാം.

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘ആകാശംലോ ഒക താര’. ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ശ്രുതി ഹാസനും ചിത്രത്തിലുണ്ട്. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്. 

ENGLISH SUMMARY:

Dulquer Salmaan pranked Vijay Deverakonda during a promotional event for his upcoming Telugu pan-Indian movie Aakasamlo Oka Tara. The viral video shows children participating in the fun phone call before revealing the prank to the actor.