rajasthan-royals-win-punjab-kings-ipl

ഐപിഎല്ലില്‍ പഞ്ചാബിനെതിരെ രാജസ്ഥാന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം 4 പന്ത് ശേഷിക്കേ മറികടന്നു.  സീസണിലെ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് വേണ്ടി യുവ ഓപ്പണർ വൈഭവ് സൂര്യവംശി വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 16 പന്തിൽ അഞ്ച് സിക്സറുകൾ ഉൾപ്പെടെ 43 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. പിന്നാലെ യശസ്വി ജയ്‌സ്വാളും (27 പന്തിൽ 51) അർധസെഞ്ചുറിയുമായി തിളങ്ങിയതോടെ രാജസ്ഥാൻ വിജയമുറപ്പിച്ചു.

യുസ്‌വേന്ദ്ര ചാഹൽ (3/36) ജയ്‌സ്വാളിനെയും റിയാൻ പരാഗിനെയും (29) പുറത്താക്കി പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും ഡോണോവൻ ഫെരേരയുടെയും ശുഭം ദുബെയുടെയും പ്രകടനം കളി മാറ്റിമറിച്ചു. 26 പന്തിൽ പുറത്താകാതെ 52 റൺസ് നേടിയ ഡോണോവൻ ഫെരേര അവസാന പന്തിൽ സിക്സറടിച്ചാണ് ജയം പൂർത്തിയാക്കിയത്. ശുഭം ദുബെ 12 പന്തിൽ പുറത്താകാതെ 31 റൺസ് നേടി. പഞ്ചാബ് ബൗളർമാരായ അർഷ്ദീപ് സിംഗ് (1/68), ലോക്കി ഫെർഗൂസൺ (0/57) എന്നിവർ ഏറെ റൺസ് വഴങ്ങിയതും തിരിച്ചടിയായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് മാർക്കസ് സ്റ്റോയ്‌നിസിന്റെയും പ്രഭ്സിമ്രാൻ സിംഗിന്റെയും ബാറ്റിംങ് മികവിലാണ് 222 റൺസെടുത്തത്. വെറും 20 പന്തിൽ അർധസെഞ്ചുറി തികച്ച മാർക്കസ് സ്റ്റോയ്‌നിസ്  22 പന്തിൽ 62 റൺസുമായി പുറത്താകാതെ നിന്നു. പ്രഭ്സിമ്രാൻ സിംഗ് 44 പന്തിൽ 59 റൺസ് നേടി. രാജസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരനായ ലെഗ് സ്പിന്നർ യാഷ് രാജ് പുഞ്ച രണ്ട് വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. തോറ്റെങ്കിലും പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

  • പഞ്ചാബ് കിങ്‌സ്: 20 ഓവറിൽ 222/4 (സ്റ്റോയ്‌നിസ് 62*, പ്രഭ്സിമ്രാൻ 59; യാഷ് രാജ് 2/41).
  • രാജസ്ഥാൻ റോയൽസ്: 19.2 ഓവറിൽ 228/4 (ഫെരേര 52*, ജയ്‌സ്വാൾ 51; ചാഹൽ 3/36).
ENGLISH SUMMARY:

Rajasthan Royals secured a thrilling six-wicket victory against Punjab Kings in the IPL, chasing down a target of 223 with four balls to spare. This marked Punjab's first loss of the season, propelling Rajasthan to third place in the points table.