kcl-thrissur-players

പൂരപ്പെരുമപോലെ തൃശൂരിന്‍റെ കരുത്തുകാട്ടാന്‍ പത്തു താരങ്ങളാണ് ഇത്തവണ കേരള ക്രിക്കറ്റ് ലീഗില്‍ ഇറങ്ങുന്നത്. ഓൾറൗണ്ടർ എൻ.എം. ഷറഫുദ്ദീൻ മുതൽ യുവതാരം മുഹമ്മദ് ഇനാൻ വരെയുള്ളവര്‍ വിവിധ ടീമുകളില്‍ മാറ്റുരയ്ക്കും.

തൃശൂര്‍  താരങ്ങളിലെ  ശ്രദ്ധേയ സാന്നിധ്യം എൻ. എം. ഷറഫുദ്ദീനാണ്. കെസിഎല്ലിന്‍റെ ആദ്യ പതിപ്പിലെ മികച്ച താരമായ ഷറഫുദ്ദീൻ, കഴിഞ്ഞ വർഷം കൊല്ലം സെയിലേഴ്സിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഈ ഓൾറൗണ്ടറെ ഏഴര ലക്ഷം രൂപയ്ക്കാണ് കൊല്ലം നിലനിർത്തിയത്. 

രണ്ട്  യുവതാരങ്ങള്‍ക്കൂടി കൊല്ലം ടീമില്‍ കളിക്കുന്നുണ്ട്. കേരളത്തിന്‍റെ ബാറ്റർ വത്സൽ ഗോവിന്ദിനെയും  ഓൾറൗണ്ടർ അർജുൻ വേണുഗോപാലിനെയും 1.5 ലക്ഷം രൂപയ്ക്കാണ് സെയിലേഴ്സ് ഒപ്പം കൂട്ടിയത്. മുതിർന്ന താരങ്ങളിലൊരാളായ സി.വി. വിനോദ് കുമാർ, ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ട്രിവാൺഡ്രം റോയൽസില്‍ തിരിച്ചെത്തി. ആദ്യ സീസണിൽ റോയൽസിനായി മികച്ച പ്രകടനം പുറത്തെടുത്ത വിനോദ്, രണ്ടാം സീസണിൽ തൃശൂർ ടൈറ്റൻസിലായിരുന്നു. വിനോദിനെ നാലു ലക്ഷം രൂപയ്ക്കാണ്  റോയൽസ് സ്വന്തമാക്കിയത്. തൃശൂര്‍ക്കാരന്‍ ഉജ്ജ്വൽ കൃഷ്ണയും ഇത്തവണ റോയൽസ് നിരയിലുണ്ട്. 

കഴിഞ്ഞ സീസണിൽ കൊച്ചിയുടെ കിരീടനേട്ടത്തിൽ മുഖ്യ പങ്കുവഹിച്ച ഓൾറൗണ്ടർ മുഹമ്മദ് ആഷിഖിനെ ഒന്നര ലക്ഷം രൂപയ്ക്ക് ബ്ലൂ ടൈഗേഴ്സ് നിലനിർത്തി. സെമി ഫൈനലിൽ  പ്ലെയർ ഓഫ് ദി മാച്ച് ആയ ആഷിഖ് കഴിഞ്ഞ സീസണിൽ 16 വിക്കറ്റും 144 റൺസും നേടിയിരുന്നു. വിക്കറ്റ് കീപ്പർ ബാറ്ററായ പവൻ ശ്രീധറും കൊച്ചിക്ക് വേണ്ടിയിറങ്ങും. 

ലെഗ് സ്പിന്നിൽ മികവുകാട്ടുന്ന യുവതാരം മുഹമ്മദ് ഇനാൻ ഇത്തവണ  തട്ടകമായ തൃശൂർ ടൈറ്റൻസിലാണ്. കഴിഞ്ഞ തവണ ആലപ്പി റിപ്പിൾസിന് വേണ്ടി കളിച്ച ഇനാനെ, മൂന്ന് ലക്ഷം രൂപയ്ക്കാണ് തൃശൂര്‍ സ്വന്തമാക്കിയത്. മുൻനിര ഫാസ്റ്റ് ബോളറായ ആതിഫ് ബിൻ അഷ്റഫ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് വേണ്ടിയും. കെ.എ. അരുൺ ആലപ്പി റിപ്പിൾസിന് വേണ്ടിയും കളത്തിലിറങ്ങും. 

ENGLISH SUMMARY:

Kerala Cricket League features ten prominent players from Thrissur, showcasing their talent across various teams. This season highlights stars like all-rounder N. M. Sharafuddeen and young talent Mohammed Inan, competing for different franchises.