കെസിഎൽ പുതിയ സീസണില്‍ മികവുകാട്ടാന്‍ പത്തനംതിട്ടയിൽ നിന്നുള്ള അഞ്ചുതാരങ്ങൾ. വിഷ്ണു വിനോദിനെപ്പോലുള്ള പരിചയസമ്പന്നരും യുവതാരങ്ങളും ഇത്തവണ ഇറങ്ങുന്നു.
ആദ്യ സീസണിൽ തൃശൂർ ടൈറ്റൻസിന് വേണ്ടിയും കഴിഞ്ഞ വർഷം കൊല്ലം സെയിലേഴ്സിനായും മിന്നും പ്രകടനം കാഴ്ചവെച്ച വിഷ്ണു വിനോദിനെ ഇത്തവണ 7.80 ലക്ഷം രൂപയ്ക്കാണ് ട്രിവാൺഡ്രം റോയൽസ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബാറ്റിങ്ങിൽ സ്ഥിരത പുലർത്തിയ അപൂർവം താരങ്ങളിൽ ഒരാളാണ് വിഷ്ണു.
ആദ്യ സീസണിൽ 438 റൺസുമായി ബാറ്റിങ് പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന വിഷ്ണു രണ്ടാം സീസണിലും ആദ്യ പത്തിൽ ഇടം നേടി. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്‍റെ താരമായ വിഷ്ണുവിന്‍റെ സാന്നിധ്യം തിരിച്ചുവരവിനൊരുങ്ങുന്ന റോയൽസിന് നിർണായകമാകും.
ജില്ലയിൽ നിന്നുള്ള മറ്റൊരു വെടിക്കെട്ട് ബാറ്ററാണ് സുധീഷ് മോഹൻ. അടുത്തിടെ സമാപിച്ച എൻഎസ്കെ ട്രോഫിയിൽ കാസർകോടിനെതിരെ 36 പന്തുകളിൽ 10 സിക്സർ അടക്കം 87 റൺസ് നേടി സുധീഷ് ശ്രദ്ധേയനായിരുന്നു. സുധീഷിനെ 1.15 ലക്ഷത്തിനാണ് ട്രിവാൺഡ്രം റോയൽസ് സ്വന്തമാക്കിയത്. ഇടംകയ്യൻ പേസർ മോനുകൃഷ്ണ കൊല്ലം സെയിലേഴ്സിന് വേണ്ടിയാണ് ഇത്തവണ പന്തെറിയുക. ആദ്യ സീസണിൽ തൃശൂരിനായി ഏഴ് മത്സരങ്ങളിൽ നിന്നായി 11 വിക്കറ്റ് വീഴ്ത്തി മോനുകൃഷ്ണ തന്‍റെ മികവ് തെളിയിച്ചിരുന്നു.
ജില്ലയിൽ നിന്നുള്ള ആൽഫി ഫ്രാൻസിസ് ജോണും കാർത്തിക് ബി. നായരും കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടിയാണ് ഇറങ്ങുക. ഓൾറൗണ്ടറായ ആൽഫിയെ ഒന്നരലക്ഷം രൂപയ്ക്കാണ് കൊച്ചി നിലനിർത്തിയത്. രാജസ്ഥാൻ റോയൽസിനൊപ്പം നാല് വർഷത്തോളം നെറ്റ് ബൗളറായി പന്തെറിഞ്ഞ അനുഭവസമ്പത്തുമായാണ് കാർത്തിക് തന്‍റെ ആദ്യ കെസിഎൽ സീസണിനെത്തുന്നത്. ലേലത്തിൽ 2.70 ലക്ഷം രൂപ നൽകിയാണ് ഈ ഓൾറൗണ്ടറെ കൊച്ചി ടീമിലെത്തിച്ചത്.