കേരള ക്രിക്കറ്റ് ലീഗിന് ആവേശം കൂട്ടാന്‍ ഫാന്‍ ലീഗുമായി കെ.സി.എ. ജോലി തിരക്കുകളെല്ലാം മാറ്റിവെച്ചാണ് കഴക്കൂട്ടത്ത് ടെക്കികള്‍ ഫാന്‍ ലീഗില്‍ ഏറ്റുമുട്ടുന്നത്. കേരള ക്രിക്കറ്റ് ലീഗിന് കൊടിയേറാന്‍ ഇനിയുമുണ്ട് ദിവസങ്ങള്‍. അതിന് മുന്‍പ് ലീഗിന്‍റെ മിനി പതിപ്പ് കളിക്കളങ്ങളില്‍ നിറയുകയാണ്. അതാണ് ഫാന്‍ ലീഗ്.
കെ.സി.എല്ലില്‍ പങ്കെടുക്കുന്ന ടീമുകളുടെ ആരാധകര്‍ ഓരോ ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടുന്നു. ടീമിന്‍റെ അതേ ജേഴ്സിയില്‍. അതിന്‍റെ ആവേശം തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലെ ഗ്രൗണ്ടിലേക്കെത്തിയാല്‍ കാണാം. ടെക്നോപാര്‍ക്കിലെ ഫാന്‍ ലീഗില്‍ ഏഴ് ടീമുകളാണ് ഏറ്റുമുട്ടുന്നത്. എല്ലാവരും ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവര്‍. ജോലിയുടെ ടെന്‍ഷനും തിരക്കുമെല്ലാം മാറ്റിവെച്ച് ക്രിക്കറ്റ് ആവേശത്തില്‍. പ്രോത്സാഹിപ്പിക്കുന്ന കാണികള്‍ക്കും ആഘോഷത്തിന് കുറവില്ല. കെ.സി.എല്ലിലേക്ക് കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനും യുവാക്കള്‍ക്കിടയില്‍ ക്രിക്കറ്റ് ആവേശം നിറയ്ക്കാനുമാണ് കെ.സി.എ ഫാന്‍ ലീഗ് ഒരുക്കിയിരിക്കുന്നത്.