സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പേസര്‍ പ്രഫുല്‍ ഹിന്‍ഗെയെ നേരിടാന്‍ പ്രത്യേക പ്ലാനുണ്ടായിരുന്നതായി രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശി. എവേ മത്സരത്തില്‍ പ്രഫുല്‍ ഹിന്‍ഗെയുടെ പന്തില്‍ വൈഭവ് ഡക്കായിരുന്നു. ഇതിനു ശേഷം വന്ന വിമര്‍ശങ്ങള്‍ തന്നെ ബാധിച്ചിരുന്നതായും വൈഭവ് പറഞ്ഞു.
ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ വൈഭവിന്‍റെ അടക്കം നാലു വിക്കറ്റാണ് പ്രഫുല്‍ ഹിന്‍ഗെ നേടിയത്. പ്രഫുലിന്‍റെ ഷോർട്ട് ലെങ്ത് പന്ത് വൈഭവിന്‍റെ ബാറ്റിൽ എഡ്ജ് ചെയ്ത് ക്യാച്ചാവുകയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍റെ ഹോം മത്സരത്തില്‍ കൃത്യമായ പ്ലാനോടെയാണ് വൈഭവ് കളിക്കാനിറങ്ങിയത്. തുടരെ നാലു പന്തുകളില്‍ പ്രഫുലിനെ സിക്സറടിച്ചാണ് വിമര്‍ശകരോട് വൈഭവ് പ്രതികരിച്ചത്. മത്സരത്തില്‍ 36 പന്തില്‍ വൈഭവ് സെഞ്ചറി നേടിയിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലാണ് വൈഭവ് മനസ് കുറക്കുന്നത്. ഡക്കായ ശേഷം വന്ന കമന്‍റുകള്‍ തന്നെ ബാധിച്ചെന്നും ബാറ്റു കൊണ്ട് മറുപടി പറയണമെന്ന് തീരുമാനിച്ചിരുന്നതായും വൈഭവ് വിഡിയോയില്‍ പറയുന്നു.
'ബൗളര്‍ക്കെതിരെ കൃത്യമായ പ്ലാനോടെയായിരുന്നു നീങ്ങിയത്. നേരത്തെ ഔട്ടായപ്പോള്‍ ഞാന്‍ വന്ന് ഫോണ്‍ നോക്കി. പല കാര്യങ്ങളും കണ്ടു. ഇത്തരം കമന്‍റുകളില്‍ ഞാന് ശ്രദ്ധ കൊടുക്കാറില്ല, പക്ഷേ, വ്യക്തിപരമായി പറയുമ്പോള്‍ ഇത് എന്നെ ബാധിക്കാറുണ്ട്. ഇവരോട് ബാറ്റു കൊണ്ടു മാത്രമാണ് എനിക്ക് മറുപടി' വൈഭവ് പറഞ്ഞു. പരിശീലനത്തിൽ താൻ പിന്തുടർന്ന അതേ സമീപനം പിന്തുടർന്നതിനാലാണ് സണ്‍റൈസേഴ്സിനെതിരെ സെഞ്ചറി നേടിയ ഇന്നിങ്സ് വന്നതെന്നും വൈഭവ് പറഞ്ഞു. ആദ്യ പന്ത് മുതല്‍ തന്നെ സ്വാഭാവിക ശൈലിയിലാണ് കളിച്ചതെന്നും വൈഭവ് പറഞ്ഞു.
ഹൈദരാബാദിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ് മുടന്തിയാണ് വൈഭവ് മൈതാനം വിട്ടത്. ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും പഞ്ചാബ് കിങ്സിനെതിരായ അടുത്ത മത്സരത്തില്‍ കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും വൈഭവ് പറഞ്ഞു.