ഐ.പി.എല്ലിലെ വമ്പനടിക്കാരുടെ ടീമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഈ സീസണിലെ ഏഴില്‍ അഞ്ച് മല്‍‌സരങ്ങളിലും ഇരുന്നൂറിലധികം റണ്‍സ് നേടിയാണ് സണ്‍റൈസേഴ്സ് മികവ് തുടരുന്നത്. സീസണിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റിങ് നിരയാണ് സണ്‍ റൈസേഴ്സിന്‍റേത്.

വമ്പനടികളുടെ തമ്പുരാന്‍മാര്‍. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയം മുതൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് വരെ, സൺറൈസേഴ്‌സ് ബാറ്റിംഗ് നിര ചെന്നെത്തുന്നിടത്തെല്ലാം റൺസ് ഒഴുകുകയാണ്. ഈ സീസണിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും ഇരുന്നൂറ് കടന്ന ബാറ്റിങ് മികവ്. യുവതാരം അഭിഷേക് ശർമ്മയാണ് ഹൈദരാബാദിന്റെ കുതിപ്പിന് ചുക്കാൻ പിടിക്കുന്നത്. ഡൽഹിക്കെതിരെ 68 പന്തില്‍ നേടിയ 135 റൺസ് ഉൾപ്പെടെ പവർപ്ലേ ഓവറുകളിൽ അഭിഷേക് നടത്തുന്ന പ്രകടനം ടീമിന് കൂറ്റൻ സ്കോറുകൾക്ക് അടിത്തറയേകുന്നു.

 തുടക്കത്തില്‍ ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ സഖ്യവും മിഡിൽ ഓർഡറിലെ 'ക്ലാസിക്' ബാറ്ററായി ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസനും  ടീമിനെ വമ്പന്‍ സ്കോറിലെത്തിക്കുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ 242, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 226, പഞ്ചാബ് കിങ്സിനെതിരെ 219, രാജസ്ഥാൻ റോയൽസിനെതിരെ 216, റോയല്‍ ചലഞ്ചേഴ്്സ് ബെംഗളൂരുവിനെതിരെ 201. അങ്ങനെ ഇരുന്നൂറുകള്‍ പതിവ് കാഴ്ചയാക്കുകയാണ് സണ്‍ റൈസേഴ്സ്.  

2014 മുതല്‍ ഇതുവരെ 31 തവണ ഹൈദരാബാദ് 200ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്. അതില്‍ 25 തവണ ജയിക്കുകയും 6 തവണ തോല്‍ക്കുകയും ചെയ്തു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 200ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ളത് ചെന്നൈയും ബെംഗളൂരുവുമാണ് . 38 തവണവീതം.

ENGLISH SUMMARY:

Sunrisers Hyderabad is the team of IPL power hitters this season, consistently scoring over 200 runs in five out of seven matches. Their batting lineup is the most stable in the season, with young talent Abhishek Sharma leading the charge with explosive performances in the powerplay.