Image: x, @indiatoday, AI Enhanced Picture

  • ജോലിക്കായി കാബില്‍ കയറിയ വിമാനക്കമ്പനി ജീവനക്കാരിയെ പീഡിപ്പിച്ചു. മൂത്രമൊഴിക്കാനിറങ്ങിയ കാബ് ഡ്രൈവര്‍ പുറകിലെ ഡോറിലൂടെ അകത്തു കയറി. നിലവിളിച്ചോടി യുവതി

ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരി ഓഫീസ് കാബില്‍വച്ച് ലൈംഗിക അതിക്രമത്തിനു ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാന രംഗറെഡ്ഡി സ്വദേശി ഇറപൊഗു പ്രശാന്ത് കുമാര്‍(23) എന്ന കാബ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 20നായിരുന്നു കേസിന് ആസ്പദമായ സംഭവം.

ഉച്ചയ്ക്ക് 2.40ഓടെയാണ് ഷംഷാബാദിലുള്ള വസതിയിൽ നിന്നും ഡ്യൂട്ടിക്കായി 37കാരി ഓഫീസ് കാബില്‍ കയറിയത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് കാബ് ഡ്രൈവര്‍ യുവതിയെ ഉപദ്രവിച്ചത്. സാധാരണ പോകാറുള്ള വഴിയിലൂടെ പോവാതെ കാബ് ഡ്രൈവര്‍ മറ്റൊരു വഴി തിരഞ്ഞെടുക്കുകയായിരുന്നു. വിമാനത്താവളത്തിനു സമീപം നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനു സമീപത്തേക്ക് കാബ് കൊണ്ടുപോയി നിര്‍ത്തി. 

ആളൊഴിഞ്ഞ മേഖലയായിരുന്നു ഇത്. മൂത്രമൊഴിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇയാള്‍ പുറത്തിറങ്ങി. രണ്ടുമൂന്നു മിനിറ്റിനികം തിരിച്ചെത്തുകയും കാബിന്റെ പുറകുവശത്തെ ഡോറിലൂടെ കയറി യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഡ്രൈവറെ തള്ളിമാറ്റി ഒരുവിധം രക്ഷപ്പെട്ട് യുവതി പുറത്തേക്കോടി സമീപത്തുണ്ടായിരുന്ന നിര്‍മാണ തൊഴിലാളിയോട് വിവരം പറഞ്ഞു. 

ഇയാളെ കണ്ടതോടെ പ്രതി കാറുമായി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പിന്നാലെ യുവതി രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പൊലീസ് ഔട്ട്‌പോസ്റ്റിൽ എത്തി പരാതി നൽകി. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് ജൂലൈ 21ന് തന്നെ പ്രതിയെ പിടികൂടി. ഭാരതീയ ന്യായ് സംഹിതയിലെ പീഡനം, ലൈംഗികാതിക്രമ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് എസിപി വി. ശ്രീകാന്ത് ഗൗഡ് പറയുന്നു.  

ജീവനക്കാരുടെ യാത്രക്കായി കമ്പനി ഏര്‍പ്പാടാക്കിയ പ്രാദേശിക ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ഡ്രൈവറാണ് പ്രതി. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Airline Staff Assaulted in Office Cab Near Hyderabad Airport; Driver Arrested:

A 37-year-old airline employee at Rajiv Gandhi International Airport in Hyderabad was sexually assaulted inside an office cab on July 20. The driver, identified as 23-year-old Irapogu Prashanth Kumar, diverted the vehicle to an isolated, under-construction site under the pretext of taking a break before committing the assault. The victim managed to escape, sought help from a nearby construction worker, and lodged a complaint with the airport police. Police arrested the suspect on July 21 under relevant sections of the Bharatiya Nyaya Sanhita (BNS), and he has been remanded in judicial custody after confessing to the crime.