പ്രിയപ്പെട്ടവരുടെ വേർപാട് പലർക്കും താങ്ങാനാകാത്ത വേദനയാണ്. ആ നഷ്ടത്തിന്റെ ആഘാതത്തിൽനിന്ന് കരകയറുക പലപ്പോഴും എളുപ്പമല്ല. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽനിന്ന് പുറത്തുവരുന്നത് അത്തരമൊരു ദാരുണ സംഭവത്തിന്റെ വാർത്തയാണ്.
നാദിയ ജില്ലയിലെ നബദ്വീപിലെ ശ്മശാനത്തിൽ വൃദ്ധയായ സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാനെത്തിയതായിരുന്നു കുടുംബം. മൃതദേഹം വൈദ്യുത ദഹനചൂളയിലേക്ക് മാറ്റുന്നതിനിടെ, മുത്തശ്ശിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന 30 വയസ്സുകാരനായ കൊച്ചുമകൻ മൃതദേഹത്തിനൊപ്പം ചൂളയിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു.
ബന്ധുക്കൾ ഉടൻ ഇടപെട്ട് യുവാവിനെ പുറത്തേക്ക് മാറ്റി. എന്നാൽ, സംഭവത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റതായാണ് റിപ്പോർട്ടുകൾ. മുത്തശ്ശിയുമായി വളരെ അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന യുവാവ്, സംസ്കാര ചടങ്ങിനിടെ ഉണ്ടായ കടുത്ത മാനസികാഘാതത്തെ തുടർന്നാണ് ഇത്തരമൊരു പ്രവർത്തിക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.