വനിതാ ഐപിഎസ് ട്രെയിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ പ്രതിയായ പ്രൊബേഷനറി ഐപിഎസ് ഓഫിസർ ഉദയ് കൃഷ്ണ റെഡ്ഡിയെ ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കുടുംബസുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് തിങ്കളാഴ്ച രാവിലെ ഉദയ് കുഴഞ്ഞുവീണത്. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ വിഷമോ സാനിറ്റൈസറോ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന സംശയമുയർന്നിരുന്നെങ്കിലും, ആത്മഹത്യാശ്രമം ഡോക്ടർമാർ തള്ളി. വയർ ശുചിയാക്കിയപ്പോൾ വിഷാംശമുള്ള ഗുളികകളുടെയോ മറ്റ് മരുന്നുകളുടെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാൽ രക്തത്തിൽ ഉയർന്ന അളവിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

പീഡനക്കേസ് ഞായറാഴ്ച വാർത്തയായതോടെ ഉദയ് കൃഷ്ണ റെഡ്ഡി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. കിടപ്പുമുറിയിൽ മദ്യക്കുപ്പിയും സാനിറ്റൈസർ കുപ്പിയും കണ്ടെത്തിയതിനെത്തുടർന്നാണ് കുടുംബം ആദ്യം ആത്മഹത്യാശ്രമമാണെന്ന് സംശയിച്ചത്. ഉദയ് കൃഷ്ണ റെഡ്ഡി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന തരത്തില്‍ വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഉദയ് കൃഷ്ണ റെഡ്ഡി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും വിവാഹശേഷവും ആ ബന്ധം തുടരാൻ പരാതിക്കാരി നിർബന്ധിച്ചിരുന്നുവെന്നും ഉദയ് അവകാശപ്പെടുന്നുണ്ട്.

താനും പരാതിക്കാരിയും 2025 ജൂൺ മുതൽ പ്രണയത്തിലായിരുന്നു. അവരുടെ വിവാഹശേഷവും ശാരീരികമായും മാനസികമായും ആ ബന്ധം തുടർന്നു. താൻ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നില്ല. പരാതിക്കാരി നിർബന്ധം പിടിച്ച് തന്റെ മുറിയിലേക്ക് വരികയായിരുന്നുവെന്നും വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നും ഉദയ് പറയുന്നു. ‘ജൂലൈ 9-ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടണം എന്നു പറഞ്ഞ് അവർ തനിയെ എന്റെ മുറിയിലേക്ക് വരികയായിരുന്നു. എതിർപ്പ് പ്രകടിപ്പിച്ചിട്ടും എന്നെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി അവരുടെ ഭർത്താവിന് അയച്ചുകൊടുക്കുകയായിരുന്നു. വഴക്കുണ്ടായപ്പോൾ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്’– ഉദയ് പറയുന്നു.

ALSO READ: കോണ്ടം മുഖത്തേക്കെറിഞ്ഞു; സ്വകാര്യ ചാറ്റുകള്‍ വായിച്ചു; ബാച്ച്മേറ്റിനെതിരെ ഐപിഎസ് ട്രെയിനി...

ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ (SVPNPA) പരിശീലനം നേടുന്ന 30-കാരിയായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് അട്ടാപ്പൂർ പൊലീസ് ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെ കേസെടുത്തത്. അശ്ലീല സന്ദേശങ്ങൾ അയച്ചു, ശാരീരികമായി ആക്രമിച്ചു, മുറിയിൽ പൂട്ടിയിട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തി, അനുമതിയില്ലാതെ സ്വകാര്യ വിഡിയോ ചിത്രീകരിച്ച് ഭർത്താവിന് അയച്ചു തുടങ്ങിയ കടുത്ത ആരോപണങ്ങളാണ് പരാതിക്കാരി ഇയാൾക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. അതേസമയം, ഉദയ് ആശുപത്രിയിലായ സംഭവത്തിൽ പൊലീസിന് പ്രത്യേക പരാതിയോ വിവരമോ ലഭിച്ചിട്ടില്ലെന്നും നിലവിൽ പുതിയ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ENGLISH SUMMARY:

Probationary IPS officer Uday Krishna Reddy, accused of assaulting and stalking a female co-trainee at the SVP National Police Academy in Hyderabad, was admitted to a hospital after being found unconscious at a family friend's house. Initial suspicions of a suicide attempt were ruled out by doctors, who confirmed no toxic substances were found in his system, though elevated blood alcohol levels were detected. Ahead of his hospitalization, Uday posted a statement on social media denying the allegations, claiming the two were in a consensual relationship and alleging that the complainant initiated the encounter on July 9. The police stated no separate cases have been filed regarding his medical collapse, while investigations into the original complaint continue.