ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് ട്രെയിനിയുടെ പരാതിയില്‍ സഹപ്രവര്‍ത്തകനെതിരെ കേസ്. പിന്തുടർന്ന് ശല്യം ചെയ്യുകയും ലൈംഗികാതിക്രമം നടത്തുകയും സ്വകാര്യ വിഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് കേസ്. 30 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിക്കെതിരെയാണ് അട്ടാപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ജൂൺ 23 മുതലാണ് സംഭവങ്ങളുടെ തുടക്കം. പ്രതി വാട്ട്സാപ്പ് വഴി അശ്ശീല സന്ദേശങ്ങള്‍ അയക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി പരാതിക്കാരി പറയുന്നു. തനിക്ക് മറ്റ് ട്രെയിനികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയും അത് സമ്മതിക്കാനായി മാനസികമായി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്. ബലപ്രയോഗത്തിലൂടെ തന്‍റെ മൊബൈൽ ഫോൺ കൈക്കലാക്കിയ പ്രതി അത് നിര്‍ബന്ധിച്ച് തന്നെക്കൊണ്ട് അൺലോക്ക് ചെയ്യിപ്പിക്കുകയും സ്വകാര്യ ചാറ്റുകൾ പരിശോധിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.

ജൂലൈ 9-ന് പീഡനം സഹിക്കുന്നതിലും അപ്പുറത്തായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തന്നെ ബലമായി തടഞ്ഞുവെച്ച് മുറിയിലേക്ക് കൊണ്ടുപോയ ശേഷം മുടിയിൽ പിടിച്ച് വലിക്കുകയും കഴുത്ത് ഞെരിക്കാൻ ശ്രമിക്കുകയും ചെയ്തു. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, കോണ്ടം പാക്കറ്റുകൾ മുഖത്തേക്ക് എറിഞ്ഞുവെന്നും പരാതിക്കാരി ആരോപിക്കുന്നു. തൊട്ടടുത്ത ദിവസവും പ്രതി ശാരീരികമായി ഉപദ്രവിക്കുകയും മോശമായ രീതിയില്‍ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിക്കാരി വ്യക്തമാക്കി. രഹസ്യമായി തന്റെ സ്വകാര്യ വിഡിയോ ചിത്രീകരിച്ച പ്രതി, അത് ഭർത്താവിന് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 

പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത പ്രകാരം സ്ത്രീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ ആക്രമിക്കൽ, തടഞ്ഞു വെക്കൽ, മർദനം, പിന്തുടർന്ന് ശല്യം ചെയ്യൽ, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐ.ടി ആക്ട് പ്രകാരം സ്വകാര്യതാലംഘനം, ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദ അന്വേഷണം നടക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A case has been registered by the Attapur police against an IPS trainee, Uday Krishna Reddy, following a complaint by a 30-year-old female colleague at the Sardar Vallabhbhai Patel National Police Academy in Hyderabad. The complainant alleged that the accused relentlessly stalked her, sent obscene WhatsApp messages, and mentally harassed her by falsely accusing her of having affairs with other trainees. The situation escalated in July when the accused forcibly restrained her, physically assaulted her with a knife, and threw condom packets at her face. Furthermore, he allegedly recorded private videos of her secretly and used them to blackmail her by sending them to her husband. The police have booked the accused under various sections of the Bharatiya Nyaya Sanhita (BNS) and the IT Act for assault, stalking, criminal intimidation, and privacy violation.