Image Credit: x/Newcastlechornicle
വിമാനത്തിനുള്ളില്‍ വച്ച് സഹയാത്രികയ്ക്കും കുഞ്ഞിനും നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവിന് ശിക്ഷ. 2025 ജൂണ്‍ രണ്ടിന് എമിറേറ്റ്സ് വിമാനത്തില്‍ ദുബായില്‍ നിന്നും യുകെയിലെ ന്യൂകാസിലിലേക്ക് യാത്ര ചെയ്യവേയാണ് മലയാളിയായ ബ്രിട്ടോ ലോറന്‍സില്‍ നിന്നും യുവതിക്കും കുഞ്ഞിനും ദുരനുഭവം നേരിട്ടത്. കുഞ്ഞിന് യുവതി പാലുകൊടുക്കുന്നത് കണ്ട 27കാരന്‍ തലയണ മറയാക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. അസ്വസ്ഥത തോന്നിയ യുവതി ഉടന്‍ തന്നെ കാബിന്‍ ക്രൂവില്‍ വിവരം അറിയിച്ചു. വിമാനം ന്യൂകാസിലില്‍ എത്തിയതിന് പിന്നാലെ ബ്രിട്ടോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉറങ്ങുന്നുവെന്ന വ്യാജേനെയാണ് ബ്രിട്ടോ ഇരുന്നതെന്നും മെല്ലെ തലയണ മടിയില്‍ വച്ച ശേഷം സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട യുവതി മകനെ സുരക്ഷിതനാക്കിയ ശേഷം വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
150 മണിക്കൂര്‍ വേതനമില്ലാതെ ജോലി ചെയ്യാനും 18 മാസം കമ്യൂണിറ്റി സേവനം ചെയ്യാനും 914 പൗണ്ട് നഷ്ടപരിഹാരമായി നല്‍കാനുമാണ് ജില്ലാ ജഡ്ജി കേറ്റ് മീക്കിന്‍റെ വിധി. താന്‍ കുറ്റക്കാരനല്ലെന്ന ബ്രിട്ടോയുടെ വാദം കോടതി തള്ളി. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സഹയാത്രികന്‍ സ്വയംഭോഗം ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് പ്രത്യേകിച്ച് യുവതിക്കും കുഞ്ഞിനും കടുത്ത മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നതെന്നും, ഇത് ലൈംഗിക അതിക്രമം തന്നെയാണന്നും ജഡ്ജി വ്യക്തമാക്കി.
ഫുഡ് സയന്‍സില്‍ ടീസൈഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ബ്രിട്ടോ യുകെയിലെ കഫേയില്‍ മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബ്രിട്ടോയുടെ വാദം. എന്നാല്‍ കാബിന്‍ ക്രൂവടക്കം മൊഴി നല്‍കിയതോടെയാണ് ബ്രിട്ടോയ്ക്കെതിരെ വിധി വന്നത്.