സിപിഎം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ തുടർ നടപടിക്ക് പാര്‍ട്ടി ഒരുങ്ങുന്നു. പരാതി സിപിഎം ഇന്റേണൽ കമ്മിറ്റിക്ക് മുന്നിലെത്തി. കേന്ദ്രകമ്മിറ്റിയുടെ ഐസിസി ആണ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയെടുപ്പുള്പ്പടെ പൂർത്തിയാക്കി.
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അന്നത്തെ ജില്ലാ സെക്രട്ടറിയിൽ നിന്ന് അതിക്രമം നേരിട്ടെന്ന അഭിഭാഷകയുടെ പരാതി സംസ്ഥാന നേതൃത്വം അഞ്ച് മാസത്തോളം പൂഴ്ത്തിവച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പാർട്ടിതലത്തിൽ നടപടിയെടുക്കാമെന്ന ഉറപ്പിലാണു പരാതിക്കാരി പൊലീസിനെ സമീപിക്കാതിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും ഇടയിലുള്ള സമയത്താണ് സുരേഷ് ബാബുവിനെതിരെ നേതൃത്വത്തിനു പരാതി കിട്ടിയത്. ജില്ലയിലെ വനിതാ നേതാവും മറ്റൊരു പ്രമുഖ നേതാവും സംഭവത്തിന്റെ ഗൗരവം നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദനെ നേരിൽകണ്ടും അഭിഭാഷക പരാതി നൽകി. എന്നാൽ, തുടർനടപടി ഉണ്ടായില്ല. വീണ്ടും നേതൃത്വത്തെ സമീപിച്ചു നിയമവഴി നോക്കുമെന്ന് അഭിഭാഷക അറിയിച്ചപ്പോൾ മറ്റു വഴിയില്ലാതെ സുരേഷ് ബാബുവിനെ മാറ്റുകയായിരുന്നു.