കൊച്ചിയിൽ വാഴക്കുലയുടെ മറവിൽ എംഡിഎംഎ കടത്തി പിടിയിലായ ധനേഷിന് നൈജീരിയൻ ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. ബെംഗളൂരുവിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങി വാഴക്കുലകളിൽ അടക്കം ഒളിപ്പിച്ച് കടത്തുന്നതായിരുന്നു രീതി. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾക്ക് ലഹരിക്കച്ചവടമാണെന്നും പിടിവീഴുന്നത് ആദ്യമാണെന്നും പൊലീസ് പറഞ്ഞു. ആലപ്പുഴ എറണാകുളം ജില്ലകളിൽ ലഹരി കച്ചവടം നടത്തിയിരുന്ന ധനേഷിന്റെ കാരിയർമാരായിരുന്നു കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ ഹരികൃഷ്ണനും ഷിനുവുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെയാണ് ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യിൽ വീട്ടിൽ ‘ഡാനി’ എന്നുവിളിക്കുന്ന ധനേഷ് എസ്. നായർ (31)നെ ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അങ്കമാലിയിൽവെച്ച് പിടികൂടിയത്. ഇയാളിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും 8 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. 

ജർമനിയിൽ 2015 മുതൽ 2018 വരെ അഗ്രി ബിസിനസ് പഠിച്ച ധനേഷ്, 2018-ലെ പ്രളയകാലത്താണ് കേരളത്തിൽ തിരിച്ചെത്തിയത്. തുടർന്ന് കൃഷിയും വിവിധ കാർഷിക സംരംഭങ്ങളും ആരംഭിച്ച് കർഷകനെന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. 2023-ൽ സംസ്ഥാന സർക്കാരിന്റെ മികച്ച യുവ കർഷകനുള്ള പുരസ്കാരം ധനേഷിനായിരുന്നു. ആലുവയിൽ 185 ഗ്രാം എംഡിഎംഎയുമായി ഇന്നലെ അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ ധനേഷിനെക്കുറിച്ച് വിവരം ലഭിച്ചത്.

ENGLISH SUMMARY:

Police have revealed that Dhanesh, who was arrested in Angamaly for smuggling MDMA hidden inside plantain bunches, maintains close links with Nigerian drug syndicates based in Bengaluru. Dhanesh, a 2023 State Award-winning young farmer with an agri-business degree from Germany, used his agriculture business as a front while illegally trafficking narcotics for the past two years. The investigation, led by Aluva DySP Baiju Paulose, intensified following the arrest of his carriers, Harikrishnan and Shinu, who operated across Alappuzha and Ernakulam districts. Officers recovered 803 grams of hashish oil and 8 grams of MDMA directly from Dhanesh, exposing a major narcotics distribution chain.