• 28 മോഷണക്കേസുകളിൽ പ്രതിയായ നിഷാന്ത് മോഷ്ടിച്ച സ്വർണം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവച്ച് ഒരു കോടിയിലധികം രൂപ സമ്പാദിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

തിരുവനന്തപുരം കാട്ടാക്കടയിൽ മോഷണക്കേസിൽ പിടിയിലായ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കാണാൻ തടിച്ചുകൂടിയത് നാട്ടുകാർ. പകൽ ക്ഷീരകർഷകനായും ചുമട്ടുതൊഴിലാളിയായും നാട്ടുകാർക്കിടയിൽ വിശ്വാസം നേടിയ മാറനല്ലൂർ സ്വദേശി നിഷാന്താണ് രാത്രികാലങ്ങളിൽ വീടുകൾ കയറി മോഷണം പതിവാക്കിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 28 മോഷണക്കേസുകളിൽ പ്രതിയായ നിഷാന്ത് മോഷ്ടിച്ച സ്വർണം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയംവച്ച് ഒരു കോടിയിലധികം രൂപ സമ്പാദിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. Also Read: ഫോണില്‍ വി.ഡി.സതീശനായി ചമഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ അടക്കം പറ്റിച്ചു; റൗഡി ലിസ്റ്റിലുള്ളയാൾ അറസ്റ്റിൽ

കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലാകുന്നതുവരെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു നിഷാന്ത്. നല്ലൊരു ക്ഷീരകർഷകൻ, ചുമട്ടുതൊഴിലാളി എന്നിങ്ങനെയായിരുന്നു നാട്ടുകാർക്കിടയിലെ വിശേഷണം. മുന്‍പ് മോഷ്ടാവിനെ പിടികൂടാൻ പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ പോലും മുൻനിരയിലുണ്ടായിരുന്നയാളാണ് ഇപ്പോൾ മോഷണക്കേസുകളിൽ പ്രതിയായിരിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രദേശത്തെ 28 ഇടങ്ങളിൽ ഇയാൾ മോഷണം നടത്തിയതായാണ് പൊലീസിന്റെ കണ്ടെത്തൽ.

തെളിവെടുപ്പിന്റെ ഭാഗമായി നിഷാന്തിനെ റസൽപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ എത്തിച്ചപ്പോഴാണ് നാട്ടുകാർ കൂട്ടത്തോടെ എത്തിയത്. കഴിഞ്ഞ നാലുവർഷത്തിനിടെ ഈ സ്ഥാപനത്തിൽ മാത്രം പലതവണയായി ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം നിഷാന്ത് പണയംവച്ചിട്ടുണ്ടെന്നാണ് വിവരം.

മോഷ്ടിച്ച സ്വർണം പണയംവച്ച ശേഷം മിക്കതും മൂന്നുമാസത്തിനുള്ളിൽ തിരിച്ചെടുക്കുന്നതായിരുന്നു നിഷാന്തിന്റെ രീതി. പിടിക്കപ്പെട്ടാൽ അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടാനായിരിക്കാം ഇത്തരത്തിൽ ചെയ്തതെന്നാണ് പൊലീസിന്റെ സംശയം. രണ്ടാഴ്ച മുന്‍പ് പണയംവച്ച ആറുപവൻ സ്വർണം മാത്രമാണ് ഇവിടെ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്താനായത്. നിഷാന്ത് നാട്ടിൽ വിശ്വാസ്യത നേടിയ വ്യക്തിയായിരുന്നതിനാൽ ഇയാളുടെ ഇടപാടുകളിൽ സംശയമൊന്നും തോന്നിയിരുന്നില്ലെന്നാണ് പണമിടപാട് സ്ഥാപനത്തിന്റെ ഉടമ പറയുന്നത്.

അതേസമയം, നിഷാന്താണ് മോഷണത്തിന് പിന്നിലെന്ന് സ്വർണം നഷ്ടപ്പെട്ടവർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ബാലരാമപുരത്തെ ഒരു ജ്വല്ലറിയിൽ മാത്രം നൂറിലധികം പവൻ സ്വർണം വിറ്റതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഈ ജ്വല്ലറിയിലും പൊലീസ് ഉടൻ തെളിവെടുപ്പ് നടത്തും.

ENGLISH SUMMARY:

A man identified as Nishanth from Maranalloor, Thiruvananthapuram, has been arrested in connection with 28 alleged theft cases. Known locally as a dairy farmer and manual labourer, he reportedly maintained a respectable public image while allegedly breaking into houses at night. Police investigations suggest that he pledged stolen gold worth over ₹1 crore at a private financial institution in Russelpuram over four years. He allegedly redeemed much of the pledged gold within three months. Police also found that he had reportedly sold more than 100 sovereigns of gold at a jewellery shop in Balaramapuram. His arrest has shocked local residents, who once considered him trustworthy.