Delhi Capitals' KL Rahul hits a six during the Indian Premier League cricket match between Sunrisers Hyderabad and Delhi Capitals in Hyderabad, India, Tuesday, April 21, 2026. (AP Photo/Mahesh Kumar A.)
243 എന്ന കൂറ്റന്‍ ലക്ഷ്യം മുന്നിലുയര്‍ത്തിയ ഹൈദരാബാദിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നേരിടേണ്ടത് ഇങ്ങനെയായിരുന്നോ? 48 റണ്‍സിന്‍റെ തോല്‍വിയാണ് ഡല്‍ഹി ഇന്നലെ ഏറ്റുവാങ്ങിയത്. അഭിഷേകിനെ പുറത്താക്കാന്‍ കിട്ടിയ നിര്‍ണായക അവസരങ്ങള്‍ കെ.എല്‍.രാഹുലും പാത്തും നിസങ്കയും നഷ്ടപ്പെടുത്തിയതിനും അടിച്ചുകളിക്കേണ്ട സമയത്ത് ഇഴഞ്ഞു നീങ്ങിയ രാഹുലിന്‍റെ ബാറ്റിങിനും ഡല്‍ഹി കൊടുക്കേണ്ടി വന്നത് വലിയ വിലയാണെന്ന് ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ തുറന്ന് സമ്മതിക്കുന്നു. 'റണ്‍ ഔട്ട് നഷ്ടമാക്കിയതും ക്യാച്ച് വിട്ടുകളഞ്ഞതിനും ഞങ്ങള്‍ വലിയ വില കൊടുക്കേണ്ടി വന്നു. കിട്ടിയ ആ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ ഇതാകുമായിരുന്നില്ല ഫലം. പക്ഷേ അഭിഷേക് തനിക്ക് കിട്ടിയ അവസരം ഉപയോഗിക്കുകയും കൂറ്റന്‍ റണ്‍സിലെത്തുകയും ചെയ്തു'– അക്സര്‍ നിരാശ മറച്ചുവച്ചില്ല.
രണ്ടുവട്ടമാണ് അഭിഷേകിന് ഡല്‍ഹി ജീവന്‍ നല്‍കിയത്. അവസരം മുതലാക്കിയ താരം 68 പന്തില്‍ നിന്ന് 135 റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു. അര്‍ധ സെഞ്ചറി കടന്നതിന് പിന്നാലെയാണ് അഭിഷേകിനെ റണ്‍ ഔട്ടാക്കാന്‍ സാഹചര്യം ഒത്തുവന്നത്. ഇത് രാഹുല്‍ നഷ്ടമാക്കി. വീണ്ടും 80 കടന്നപ്പോള്‍ അഭിഷേക് സിംപിളായ ക്യാച്ചിന് അവസരമൊരുക്കി പക്ഷേ പാത്തും നിസങ്ക കൈവിട്ടു. ഡല്‍ഹിയുടെ വിധി അവിടെ തീരുമാനിക്കപ്പെട്ടു. ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ഇന്നലെ അഭിഷേക് കുറിച്ചത്.
റണ്‍മല മുന്നിലുള്ളപ്പോള്‍ വെടിക്കെട്ട് തുടക്കം ടീമിന് നല്‍കേണ്ട ഡല്‍ഹി ഓപ്പണര്‍മാര്‍ കളി മറന്ന കാഴ്ചയാണ് കണ്ടത്. ആറ് പന്തില്‍ എട്ടു റണ്‍സെടുത്ത് പാത്തും നിസങ്ക മടങ്ങി. തകര്‍ത്ത് കളിക്കുമെന്ന് ടീം വിശ്വസിച്ച രാഹുലാവട്ടെ മെല്ലെപ്പോക്കും തുടങ്ങി. 23 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത് മടങ്ങുകയും ചെയ്തു. വണ്‍ ഡൗണായി എത്തിയ നിതീഷ് റാണ തുടക്കത്തില്‍ ബുദ്ധിമുട്ടുകയും ചെയ്തു. ഇതോടെ ആദ്യ ആറോവറില്‍ 59 റണ്‍സില്‍ ഡല്‍ഹി ഒതുങ്ങി. പവര്‍പ്ലേയില്‍ എണ്‍പതോ തൊണ്ണൂറോ റണ്‍സ് നേടേണ്ട സ്ഥാനത്ത് ഇത്രയും ചെറിയ സ്കോറില്‍ ഒതുങ്ങിയത് ജയസാധ്യത തന്നെ ചുരുക്കിയെന്ന് ഡല്‍ഹി ക്യാപിറ്റല്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് വേണുഗോപാല്‍ റാവു പറയുന്നു. '240 ലധികം റണ്‍സ് പിന്തുടരുമ്പോള്‍ ആദ്യ ആറോവര്‍ നിര്‍ണായകമാണ്. 15–20 റണ്‍സിന്‍റെ കുറവാണ് ചുരുങ്ങിയത് ആ സമയത്ത് ഡല്‍ഹിക്കുണ്ടായത്. നിര്‍ണായക അവസരമാണ് നഷ്ടപ്പെടുത്തിയതെന്നും പോസ്റ്റ് മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.
സ്ട്രൈക്ക് കൈമാറുന്നതില്‍ താരങ്ങള്‍ വരുത്തിയ വീഴ്ചയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 'നിസങ്ക പുറത്തായ ശേഷം രാഹുല്‍ ആദ്യ ആറോവറില്‍ ആകെ നേരിട്ടത് ആറ് പന്തുകളാണ്. നിതീഷ് റാണ 17 ഉം. പവര്‍പ്ലേയില്‍ ഈ കളി പോര. നിതീഷ് റാണ തന്നെ കളിച്ചുകൊണ്ടിരുന്നതോടെ രാഹുലിന് താളം കണ്ടെത്താനായില്ല. സിക്സും ഫോറുമടിച്ച് കയറേണ്ട സമയത്ത് അലംഭാവം കാണിക്കുന്നത് ശരിയല്ലെ'ന്നും അദ്ദേഹം വിമര്‍ശിച്ചു.
ടീമിലെ സ്പെഷലിസ്റ്റ് ബോളറായിരുന്ന കുല്‍ദീപിന് രണ്ടോവര്‍ മാത്രം നല്‍കിയപ്പോള്‍ പാര്‍ട് ടൈം സ്പിന്നറായ നിതീഷ് റാണയ്ക്ക് നാലോവര്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും റാവു ചോദിക്കുന്നു. 'ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ ക്യാപ്റ്റനെടുക്കുന്ന തീരുമാനത്തെ ഇപ്പോള്‍ ചോദ്യം ചെയ്തിട്ട് കാര്യമില്ല. നിതീഷിന് എന്തിനാണ് നാലോവര്‍ നല്‍കിയത് എന്ന് ഇനി ചോദിച്ചിട്ട് എന്തിനാണ്? ഇതൊക്കെ ട്വന്‍റി 20യില്‍ സംഭവിക്കാം എന്നും അദ്ദേഹം പറഞ്ഞു. സണ്‍റൈസേഴ്സിനോട് തോറ്റതോടെ പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി അഞ്ചാം സ്ഥാനത്തായി. ആറ് കളിയില്‍ മൂന്നെണ്ണമാണ് ഡല്‍ഹി ജയിച്ചത്.