jacob-bethell

ഐപിഎല്‍ അവസാനിപ്പിച്ച് കൗണ്ടി കളിക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് െബംഗളൂരുവിന്‍റെ ഇംഗ്ലീഷ് താരം ജേക്കബ് ബെഥേലിനോട് നിര്‍ദ്ദേശിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. കരിയറില്‍ മെച്ചപ്പെടേണ്ട സമയത്ത് ആര്‍സിബിയില്‍ ബെഞ്ചിലിരിക്കുന്നത് സമയം നഷ്ടപ്പെടുത്താന്‍ മാത്രമെ ഉപകരിക്കുകയുള്ളൂ എന്നാണ് അലിസ്റ്റര്‍ കുക്ക് നല്‍കുന്ന ഉപദേശം.

കളിയില്‍ ‍മെച്ചമുണ്ടാകേണ്ട സമയത്ത് ബെഞ്ചില്‍ ഇരിക്കുന്നതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. ''ഐപിഎല്ലില്‍ വെറുതെ ഇരിക്കുകയാണ്. ഇത് ശരിയായ കാര്യമല്ല. അദ്ദേഹം തിരിച്ചു വന്ന് വാർവിക്ഷയറിനായി കൗണ്ടി കളിച്ച് ഇംഗ്ലണ്ടിനെ സഹായിക്കണം'' എന്നാണ് കുക്ക് പറഞ്ഞത്. സ്റ്റിക്ക് ടു ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് അലിസ്റ്റര്‍ കുക്ക് തന്‍റെ അഭിപ്രായം പങ്കുവച്ചത്. 

ഇക്കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ താരാമണ് ബെഥേല്‍. സെമിയില്‍ ഇന്ത്യയ്ക്കെതിരെ 45 പന്തില്‍ സെഞ്ചറി നേടിയ ബെഥേലിന്റെ ഇന്നിങ്സാണ് ട്വന്‍റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചറി. അതേസമയം, ബെഥേല്‍ ആര്‍സിബിക്കായി ഇതുവരെ ഒരു മത്സരത്തിലും കളിക്കാന്‍ ഇറങ്ങിയിട്ടില്ല. ഫില്‍ സാള്‍ട്ട്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ആര്‍സിബി ഇലവനിലെ വിദേശകളിക്കാര്‍. 

ടോപ്പ് ഓര്‍ഡറില്‍ ബെഥേലിന്‍റെ കഴിവ് തെളിയിച്ചതാണെന്നും ഇപ്പോള്‍ സ്ഥിരതയോടെ കളിക്കുകയാണ് ആവശ്യമെന്നും അലിസ്റ്റര്‍ കുക്ക് പറഞ്ഞു. ''സിഡ്നിയില്‍ ആ ബൗളിങ് നിരയ്ക്ക് എതിരെ കളിച്ച രീതി നമുക്കറിയാം. ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്കുറപ്പാണ്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ ഓപ്പണറായും തിളങ്ങാന്‍ സാധിക്കും'' എന്നാണ് അലിസ്റ്റര്‍ കുക്ക് പറഞ്ഞത്.  

 

ഇംഗ്ലണ്ട് താരങ്ങള്‍ക്കിടയിലെ ഫ്രാഞ്ചൈസി ലീഗ്–കൗണ്ടി ചര്‍ച്ചയ്ക്കിടെയാണ് കുക്കിന്‍റെ പരാമര്‍ശങ്ങള്‍ വരുന്നത്. ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് നേരത്തെ കൗണ്ടി കളിക്കാനായി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കരാര്‍ റദ്ദാക്കിയിരുന്നു. 

ENGLISH SUMMARY:

Jacob Bethall's IPL stint with RCB has been questioned by former England captain Alastair Cook, who suggests he should play County Cricket to improve his career. Cook believes sitting on the bench for RCB is a waste of time and that Bethall should return to play for Warwickshire and benefit England.