sanju-samson-drs

അഭിഷേക് ശര്‍മയുടെ വെടിക്കെട്ടോടെയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്– ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം ആരംഭിച്ചത്. 15 പന്തില്‍ അര്‍ധ സെഞ്ചറി തികച്ച് ഫോമില്‍ കളിച്ചുകൊണ്ടിരുന്ന അഭിഷേകിന്‍റെ വിക്കറ്റ് നേടിയതാണ് വലിയ സ്കോറിലേക്ക് പോകുന്നതില്‍ നിന്നും ഹൈദരാബാദിനെ തടഞ്ഞത്.  സഞ്ജുവിന്‍റെ ശ്രദ്ധയോടെയുള്ള ഇടപെടലാണ് അഭിഷേകിന്‍റെ വിക്കറ്റ് ലഭിക്കാന്‍ കാരണം.

മുകേഷ് ചൗധരി എറിഞ്ഞ ആറാം ഓവറില്‍ അവസാന രണ്ടു പന്തില്‍ ട്രാവിസ് ഹെഡും ഇഷാന്‍ കിഷനും പുറത്തായി സമ്മര്‍ദ്ദത്തിലായിരുന്നു ഹൈദരാബാദ്. ജാമി ഓവർട്ടൺ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലാണ് അഭിഷേക് ശര്‍മ പുറത്താകുന്നത്. 

പന്ത് പിടിച്ചെടുത്ത സഞ്ജു വിക്കറ്റ് ലഭിച്ചതു പോലെ മുകളിലേക്ക് എറിഞ്ഞ് ആഘോഷിച്ചു. ഈ സമയത്ത് പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന ധാരണയിലായിരുന്നു ഓവര്‍ട്ടണ്‍. സഞ്ജു അപ്പീല്‍ ചെയ്തെങ്കിലും വിക്കറ്റ് അനുവദിക്കാത്തതിനാല്‍ റിവ്യു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. റിവ്യുവില്‍ പന്ത് ബാറ്റിൽ എ‍‍ഡ്ജുണ്ടെന്നു വ്യക്തമായി. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റിൽ ചിരിച്ചു കൊണ്ടാണ് ഓവര്‍ട്ടണ‍് പ്രതികരിച്ചത്. 

ഏഴാം ഓവറില്‍ അഭിഷേകിന്റെ ക്യാച്ച് ശിവം ദുബെ വിട്ടുകളഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. 22 പന്തില്‍ നിന്നും 59 റൺസാണ്  അഭിഷേക് ശര്‍മ നേടിയത്. ആറു ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. തുടക്കത്തിലെ വെടിക്കെട്ടിന് ശേഷം ഹെൻറിച്ച് ക്ലാസന്‍റെ ഇന്നിങ്സാണ് ഹൈദരാബാദിന്‍റെ സ്കോര്‍ ഉയര്‍ത്തിയത്. 39 പന്തില്‍ 59 റണ്‍സാണ് ക്ലാസന്‍ നേടിയത്. 

അതേസമയം, മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് 10 റണ്‍സിന് തോറ്റു. 20 ഓവറില്‍ 194 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് നേടിയത്. 195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ 184 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 

ENGLISH SUMMARY:

Abhishek Sharma's explosive innings was crucial in the Sunrisers Hyderabad vs Chennai Super Kings match, where his dismissal at 59 off 22 balls, due to a sharp catch by Sanju Samson, shifted the momentum. This pivotal wicket, confirmed via review after an initial appeal, helped Hyderabad restrict Chennai and secure a 10-run victory.