ayush-mhatre

ചേസിങില്‍ സഞ്ജു സംസണെ തുടക്കത്തിലെ നഷ്ടമായ ചെന്നൈയ്ക്ക് പിന്നീടുള്ള ശ്രദ്ധ ആയുഷ് മാത്രെയിലായിരുന്നു. 12 പന്തില്‍ 30 റണ്‍സ് നേടി മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് മാത്രെ പുറത്താകുന്നത്. പരുക്കേറ്റ താരത്തെ റിട്ടയര്‍ ഹര്‍ട്ടിന് ശ്രമിക്കാതെ തുടരാന്‍ അനുവദിച്ച ചെന്നൈയ്ക്ക് പാളിയോ എന്നാണ് ആരാധകരുടെ ചോദ്യം. 

പ്രഫുല്‍ ഹിന്‍ഗെയുടെ ഓവറില്‍ നാലു ബൗണ്ടറിയും ഒരു സിക്സറും അടക്കം 24 റണ്‍സ് നേടിയ ശേഷമാണ് നാലാം ഓവറിലാണ് മാത്രെയ്ക്ക് പരുക്കേല്‍ക്കുന്നത്. രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ ഗെയ്ക് വാദിനൊപ്പം രണ്ട് റണ്‍സ് ഓടിയെടുക്കുന്നതിനിടെയാണ് മാത്രെയ്ക്ക് കാലില്‍ വേദനവരുന്നത്. ഓട്ടത്തിന് ശേഷം ആയുഷ് മുടന്തുന്നതും ഇടത് കാലിലെ ഹാംസ്ട്രിങ് മസിലില്‍ അമർത്തിപ്പിടിക്കുകയും ചെയ്തു. വൈദ്യസഹായം തേടിയ താരം ബാറ്റിങ് തുടരുകയായിരുന്നു. 

ചെന്നൈയ്ക്ക് നിര്‍ണായകമായ ഘട്ടത്തില്‍ മുടന്തികൊണ്ടാണ് ആയുഷ് മാത്രെ റണ്‍സിനായി ഓടിയത്. മൂന്നാം പന്തില്‍ ഗെയ്‍ക് വാദ് സിംഗിളെടുത്തെങ്കിലും ക്രീസില്‍ ഓടിയെത്താന്‍ ആയുഷ് മാത്രെ നന്നായി വിഷമിച്ചു. ഈ സമയത്ത് ശിവം ദുബൈ, ഡെവാൾഡ് ബ്രെവിസ് എന്നിവരെ ഇറക്കുന്നതിന് പകരം മാത്രെ തുടരാനാണ് ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഇതിന് വില കൊടുക്കേണ്ടി വന്നു. 

കാലുകള്‍ കൃത്യമായി ചലിപ്പിക്കാന്‍ സാധിക്കാതിരുന്ന, വേണ്ട പവര്‍ നല്‍കാന്‍ സാധിക്കാതിരുന്ന മാത്രെ നാലാം പന്തില്‍ ക്ലാസന് ക്യാച്ച് നല്‍കി പുറത്തായി. നിതീഷ് റെഡി എറിഞ്ഞ പന്ത് മിഡ് ഓഫിലേക്ക് അടിക്കാനായിരുന്നു മാത്രെയുടെ ശ്രമം. ബാറ്റിന്‍റെ എഡ്ജില്‍ തട്ടിയ പന്ത് നേരെ ക്ലാസന്‍റെ കയ്യിലേക്ക്. ചാടി ഒറ്റക്കൈ കൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ടീമിന്‍റെ തീരുമാനത്തെ മുന്‍ താരം ആര്‍. അശ്വിന്‍ വിമര്‍ശിച്ചു. 

ടീമിന്‍റെ നടപടി മനസിലാകുന്നില്ലെന്നാണ് അശ്വിന്‍ പറഞ്ഞത്. ''മുടന്തി കൊണ്ടിരിക്കുന്ന സമയക്ക് എന്തുകൊണ്ടാണ് റിട്ടയര്‍ ഹര്‍ട്ട് ചെയ്യാതിരുന്നത്. ഈ സീസണിലെ ഒരു താരമാണ് ആയുഷ്. എങ്ങനെയാണ് അദ്ദേഹത്തെ അശ്രദ്ധമായി കൈകാര്യം ചെയ്യാൻ കഴിയുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാൻ ഞെട്ടിപ്പോയി'' എന്നാണ് അശ്വിന്‍റെ വിമര്‍ശനം.

ENGLISH SUMMARY:

Chennai Super Kings' decision to let Ayush Mhatre continue batting despite a visible hamstring injury has drawn sharp criticism from fans and experts alike. Mhatre, who was in sublime form with 30 runs off 12 balls, suffered the injury while running a double in the fourth over. Despite struggling to walk, the team management did not opt for 'Retired Hurt,' leading to his dismissal on the very next ball as he couldn't generate power for his shot. Former cricketer R. Ashwin slammed the move, calling it "careless" and expressing shock over the management's decision to risk a young talent. SRH eventually won the match by 10 runs, leaving fans wondering if a fresh batter like Shivam Dube could have changed the outcome.