Image Credit: AFP
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കളിയില്‍ കൂറ്റനടിക്ക് മുതിര്‍ന്ന സഞ്ജു സാംസണിന്‍റെ ബാറ്റ് കൈപ്പിടി വിട്ട് പറന്നു. കളിയുടെ എട്ടാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്ത് നേരിടുന്നതിനിടെയാണ് സംഭവം. ബൗണ്ടറിക്ക് ശ്രമിച്ച സഞ്ജുവിന്‍റെ കയ്യില്‍ നിന്ന് തെന്നിപ്പോയ ബാറ്റ് സ്ക്വയര്‍ലെഗില്‍ സുരക്ഷിതമായി തന്നെ പതിച്ചു. ഒരു നിമിഷം കളിക്കാരും ആരാധകരും അമ്പരന്നുവെങ്കിലും അംപയര്‍ പോയി എടുത്ത് പരിശോധിച്ച ശേഷം ബ്രെവിസിന്‍റെ കയ്യില്‍ സഞ്ജുവിന് കൊടുത്തുവിട്ടു. പിന്നാലെ കൂട്ടച്ചിരിയുമായി. പന്തും ബാറ്റും ഒന്നിച്ച് അതിര്‍ത്തി കടത്താന്‍ കഴിയില്ലെന്നായിരുന്നു വിഡിയോ പങ്കുവച്ച് ആരാധകര്‍ എക്സില്‍ കുറിച്ചത്.
ബാറ്റ് തിരികെ കിട്ടിയ സഞ്ജു വീണ്ടും കളി തുടര്‍ന്നു. ഇത്ര ശക്തിയോടെയാണോ സഞ്ജു പന്ത് അടിച്ച് പറത്തുന്നതെന്ന് കമന്റിട്ടവരും കുറവല്ല. ഐപിഎല്‍ ഈ സീസണിലെ രസകരമായ നിമിഷമാണിതെന്നും ബാറ്റ് പറക്കുന്നത് കൊള്ളാമല്ലോയെന്നും ആളുകള്‍ കുറിച്ചു.
സഞ്ജുവിന്‍റെയും (32 പന്തില്‍ 48 റണ്‍സ്) ആയുഷ് മാത്ര(17 പന്തില്‍ 38) യുടെയും ബാറ്റിങാണ് ചെന്നൈയെ തുണച്ചത്. ഋതുരാജ് ഗെയ്ക്ക്‌വാദ് ഏഴു റണ്‍സെടുത്ത് പുറത്തായി. മാത്രെയുടെ കൂറ്റനടികളിലാണ് ചെന്നൈ സ്കോര്‍ കുതിച്ചത്. 12–ാം ഓവറിലെ ആദ്യ പന്തില്‍ സിക്സര്‍ അടിച്ച് 48 റണ്‍സിലേക്ക് സഞ്ജു എത്തിയെങ്കിലും കാര്‍ത്തിക് ത്യാഗിയുടെ ഇന്‍സ്വിങറില്‍ വിക്കറ്റ് വീണു. പവര്‍പ്ലേയില്‍ മാത്രം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 72 റണ്‍സെടുത്തു. 29 പന്തില്‍ നിന്ന് 41 റണ്‍സാണ് ബ്രെവിസിന്റെ സംഭാവന. ഇതോടെ മധ്യ ഓവറുകളിലും ചെന്നൈ സ്കോറിങ് ഉയര്‍ത്തി. മല്‍സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 എന്ന പൊരുതാവുന്ന സ്കോര്‍ ആണ് ചെന്നൈ അടിച്ചുകൂട്ടിയത്.
35 റണ്‍സ് വഴങ്ങിയ ത്യാഗി, സഞ്ജുവിന്‍റേതുള്‍പ്പടെ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയ സുനില്‍ നരെയ്ന്‍ സര്‍ഫറാസിന്‍റെ വിക്കറ്റും നേടി. വിക്കറ്റ് നേടിയില്ലെങ്കിലും വരുണ്‍ ചക്രവര്‍ത്തിയും റണ്ണൊഴുക്ക് തടഞ്ഞു. മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 160 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.ഡെത്ത് ഓവറില്‍ ചെന്നൈ ബോളര്‍മാര്‍ പിടിമുറുക്കിയിരുന്നുവെങ്കില്‍ കൊല്‍ക്കത്തയുടെ പോരാട്ടം അതിനും മുന്‍പേ തീര്‍ന്നേനെ. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ എട്ടാംസ്ഥാനത്തേക്ക് ഉയര്‍ന്നു. കൊല്‍ക്കത്തയാവട്ട അഞ്ച് മല്‍സരങ്ങളില്‍ ഒന്നുപോലും ജയിച്ചിട്ടുമില്ല.