ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 32 റൺസിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് തുടർച്ചയായ രണ്ടാം വിജയം. ബാറ്റിംങിൽ സഞ്ജു സാംസണും ബൗളിംഗിൽ നൂർ അഹമ്മദും നടത്തിയ തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് ജയമൊരുക്കിയത്. സീസൺ ആദ്യ അഞ്ച് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടതോടെ കൊൽക്കത്ത പ്രതിസന്ധിയിലായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. 32 പന്തിൽ നിന്ന് 48 റൺസ് നേടിയ സഞ്ജുവാണ് ചെന്നൈയുടെ ടോപ് സ്കോറർ. തുടക്കത്തിൽ തന്നെ വൈഭവ് അറോറയെ ബൗണ്ടറികളിലൂടെ നേരിട്ട സഞ്ജു ഇന്നിംഗ്‌സിന് മികച്ച അടിത്തറ പാകി. 17 പന്തിൽ ആറ് ഫോറുകളും രണ്ട് സിക്സറുമടക്കം 38 റൺസ് നേടിയ മാത്രെ പവർപ്ലേയിൽ സ്കോർ ഉയർത്തി. മധ്യനിരയിൽ 29 പന്തിൽ 41 റൺസ് നേടി ഡെവാൾഡ്  ബ്രെവിസ് ചെന്നൈയെ 190 കടത്തി. കൊൽക്കത്തയ്ക്കായി കാർത്തിക് ത്യാഗി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. സുനിൽ നരെയ്ൻ നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.

193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ചെന്നൈയുടെ വിജയശില്പി നൂർ അഹമ്മദായിരുന്നു. നാല് ഓവറിൽ വെറും 21 റൺസ് മാത്രം വഴങ്ങി അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, കാമറൂൺ ഗ്രീൻ എന്നിവരുടെ നിർണ്ണായക വിക്കറ്റുകൾ നൂർ വീഴ്ത്തി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (28), രമൺദീപ് സിംഗ് (35), റോവ്മാൻ പവൽ (31*) എന്നിവർ പൊരുതിയെങ്കിലും റൺ റേറ്റ് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. രഹാനെയും രഘുവംശിയും (27) മധ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ വൈകിയത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. രണ്ട് പ്രധാന വിജയങ്ങളുമായി ചെന്നൈ ട്രാക്കിലേക്ക് തിരിച്ചെത്തിയപ്പോൾ, ടീം ആസൂത്രണത്തിലെ പാളിച്ചകളും ബാറ്റിംഗിലെ മെല്ലെപ്പോക്കും കൊൽക്കത്തയ്ക്ക് വലിയ തലവേദനയാകുന്നു.

  • ചെന്നൈ സൂപ്പർ കിംഗ്‌സ്: 192/5 (20 ഓവർ)

(സഞ്ജു സാംസൺ 48, ബ്രെവിസ് 41, മാത്രെ 38; കാർത്തിക് ത്യാഗി 2/35, സുനിൽ നരെയ്ൻ 1/21)

  • കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: 160/7 (20 ഓവർ)

(രമൺദീപ് സിംഗ് 35, പവൽ 31*, രഹാനെ 28; നൂർ അഹമ്മദ് 3/21, അൻഷുൽ കംബോജ് 2/31)

ENGLISH SUMMARY:

Chennai Super Kings secured their second consecutive victory in the IPL by defeating Kolkata Knight Riders by 32 runs. Sanju Samson's batting and Noor Ahmed's bowling were instrumental in Chennai's win, while Kolkata finds itself in a crisis after losing four of their first five matches.