Sunrisers Hyderabad's Praful Hinge takes the catch to dismiss Rajasthan Royals' Jofra Archer during the Indian Premier League cricket match between Sunrisers Hyderabad and Rajasthan Royals in Hyderabad, India, Monday, April 13, 2026. (AP Photo/Mahesh Kumar A.)

ഒറ്റ ഓവറില്‍ മൂന്ന് വിക്കറ്റ്! ഐപിഎലിന്റെ മനംകവര്‍ന്നിരിക്കുകയാണ് ഹൈദരാബാദ് താരം പ്രഫുല്‍ ഹിംഗെ. സഹോദരി സവിതയാണ് ഹിന്‍ഗെയുടെ വഴികാട്ടി. നാഗ്​പുരിലെ സാധാരണ മധ്യവര്‍ഗ കുടുംബത്തില്‍ നിന്നാണ് ക്രിക്കറ്റ് ലോകത്തേക്ക് ഹിംഗെ നടന്നുകയറിയത്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന പിതാവ് പ്രകാശ് ഹിംഗെ ഫാസ്റ്റ് ബോളര്‍കൂടിയായിരുന്നു. ആദ്യമായി പ്രഫുല്‍ ഐപിലില്‍ ഇടം നേടിയ വാര്‍ത്തയറിഞ്ഞ് അമ്മ പൊട്ടിക്കരഞ്ഞിട്ടുണ്ട്.  30ലക്ഷത്തിന് സണ്‍റൈസേഴ്സിലെത്തിയ ഹിംഗെ താന്‍ സ്വപ്നം കണ്ടത് ഐപിഎല്ലിലെ ആദ്യ ഓവറില്‍ നേടി. വൈഭവ് സൂര്യവംശിയുടെ ഉള്‍പ്പെടെ വിക്കറ്റ് വീഴ്ത്തിയ ഹിംഗെയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് ഒറ്റരാത്രിയില്‍ രണ്ടിരട്ടിയായി.

സഹോദരിയുടെ കഠിനാധ്വാനമാണ് മുന്നോട്ടുള്ള വഴിയില്‍ തനിക്ക് ഊര്‍ജമായതെന്ന് ഹിംഗെ പറയുന്നു. സിഎ പരീക്ഷയ്ക്ക് ഉറക്കമിളച്ചുള്ള പഠനവും പരീക്ഷാക്കാലത്തും തന്നെ പ്രാക്ടീസിന് കൊണ്ടുവിട്ട് മണിക്കൂറുകളോളം കാത്തുനിന്നതും ഹിംഗെ മനസില്‍ കുറിച്ചു. സവിത ഇങ്ങനെ കഷ്ടപ്പെടുമ്പോള്‍ അതിനു പകരം പരിശ്രമം തന്‍റെ ഭാഗത്ത് നിന്നും ഉണ്ടാക്കണമെന്ന് താന്‍ തീരുമാനിച്ചെന്ന് താരം വെളിപ്പെടുത്തുന്നു. 

പഠനത്തില്‍ അത്രമിടുക്കനായിരുന്നില്ല ഹിംഗെ. അതിനാല്‍തന്നെ സ്കൂളില്‍ വൈകിയെത്തുന്നതും പതിവായിരുന്നു.  നാഗ്​പുരിലെ വീടിന് സമീപത്തുള്ള ഗ്രൗണ്ടിലായിരുന്നു പരിശീലനം. പതിമൂന്നാം വയസില്‍ ക്രിക്കറ്റ് പരിശീലനം ഗൗരവമായി എടുത്ത ഹിംഗെ അണ്ടര്‍ 19,അണ്ടര്‍ 23 ടീമുകളിലൂടെ വിദര്‍ഭയുടെ സീനിയര്‍ ടീമിലെത്തി. പേസും ബൗണ്‍സും ആണ് ഈ വലങ്കയ്യന്‍ പേസറുടെ കരുത്ത്. ഇന്‍സ്വിങറുകളാണ് തുറുപ്പുചീട്ട്. ഓസ്ട്രേലിയന്‍ താരവും സണ്‍റൈസേഴ്സിന്റെ ക്യാപ്റ്റനുമായിരുന്ന പാറ്റ് കമ്മിന്‍സാണ് ഹിംഗെയുടെ ഇഷ്ടതാരം. 

വിദര്‍ഭയുടെ സീനിയര്‍ താരം ഉമേഷ് യാദവും ബോളിങ് കോച്ച് വരുണ്‍ ആരോണും ബോളിങ് മെച്ചപ്പെടുത്താന്‍ ഏറെ സഹായിച്ചെന്ന് ഈ 24കാരന്‍ പറയുന്നു. 2022ല്‍ എംആര്‍എഫ് േപസ് ഫൗണ്ടേഷനില്‍ പരിശീലനം നടത്തിയ ഹിംഗെ 2024ല്‍ ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നടന്ന ക്യാംപിലും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ മിനി താരലേലത്തില്‍ 30ലക്ഷം രൂപയ്ക്ക് ടീമിലെത്തിയ ഹിംഗെയെ റോയല്‍സിനെതിരെ ഇറക്കുമ്പോള്‍ ക്യാപ്റ്റന്‍ ഇഷാന്‍ കിഷനും ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. എറി‍ഞ്ഞ ആദ്യ ഓവറിലെ ആദ്യപന്തില്‍ തന്നെ മിന്നും ഫോമിലുള്ള വൈഭവ് സൂര്യവംശിയെ പുറത്താക്കി. പിന്നാലെ രണ്ടുവിക്കറ്റ് കൂടി വീഴ്ത്തി. ഇന്നിങ്സിന്റെ ആദ്യ ഓവറില്‍തന്നെ മൂന്നുപേരെ പുറത്താക്കി, ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരമായി ഹിംഗെ. അപൂര്‍വ നേട്ടത്തിലൂടെ ഹിംഗെയെ തിരഞ്ഞ് ക്രിക്കറ്റ് പ്രേമികള്‍ സമൂഹമാധ്യമ അക്കൗണ്ടിലേക്കും എത്തുകയായിരുന്നു.

ENGLISH SUMMARY:

Praful Hinge, the 24-year-old pacer from Vidarbha, made a sensational IPL debut for Sunrisers Hyderabad by taking three wickets in his very first over against Rajasthan Royals. Bought for ₹30 lakhs, Hinge credited his success to his sister Savita, a CA student who supported his training despite her own rigorous studies. His lethal in-swingers sent back the in-form Vaibhav Suryavanshi on the first ball of the match, followed by two more wickets in the same over. Inspired by Pat Cummins and mentored by Umesh Yadav and Varun Aaron, Hinge's journey from MRF Pace Foundation to the IPL stage has made him an overnight star, with his social media following doubling in hours.