വിജയ വഴിയിലേക്ക് തിരികെ എത്തിയെങ്കിലും ആശ്വസിക്കാനാകാതെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. വിരാട് കോലിയുടെ പരുക്കാണ് ആര്‍സിബിക്ക് പുതിയ ആശങ്ക. 38 പന്തില്‍ 50 റണ്‍സ് നേടിയ കോലി ആര്‍സിബിക്കായി ഫീല്‍ഡിങിന് ഇറങ്ങിയില്ല. ജേക്കബ് ബെഥലായിരുന്നു പകരക്കാരന്‍. ഡ്രസിങ് റൂമില്‍ ജാക്കറ്റ് ധരിച്ച് മത്സരം വീക്ഷിക്കുന്ന കോലിയിലേക്ക് ഇടയ്ക്കിടെ ടിവി ക്യാമറകളും എത്തി. 

24 മണിക്കൂര്‍ കൊണ്ട് ഐപിഎല്‍ നിയമം മാറി; മുംബൈ ഇന്ത്യന്‍സിന് വേണ്ടി; ചര്‍ച്ചയായി ഹര്‍ദിക്കിന്‍റെ ഗ്ലൗസ് മാറ്റം

ബാറ്റിങിനിടെ കണങ്കാലില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നതിനാലാണ് കോലി ഫീല്‍ഡിങിന് ഇറങ്ങാതിരുന്നത്. കോലിയുടെ ബുദ്ധിമുട്ട് എത്രത്തോളമുണ്ടെന്ന് ഫ്രാഞ്ചൈസി വ്യക്തമാക്കിയിട്ടില്ലെങ്കിലും ടൂര്‍ണമെന്‍റില്‍ റിസ്കെടുക്കാനില്ലെന്ന തീരുമാനമാണ് ഇതിനുപിന്നില്‍. താരത്തിന്‍റെ പരുക്ക് ഗുരുതരമല്ലെന്നാണ് ക്യാപ്റ്റന്‍ രജത് പട്ടീദാര്‍ സൂചിപ്പിച്ചത്. കോലി ഇപ്പോൾ സുഖമായിരിക്കുന്നു എന്ന കരുതുന്നു എന്നാണ് മത്സര ശേഷം പട്ടീദാര്‍ പറഞ്ഞത്. 

37 പന്തില്‍ കോലി അര്‍ധ സെഞ്ചറി നേടിയെങ്കിലും പുറത്താകുമ്പോള്‍ ഹെല്‍മറ്റും ഗ്ലൗസും വലിച്ചെറിഞ്ഞാണ് കോലി മൈതാനം വിട്ടത്. മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളും കോലി സ്വന്തം പേരിലാക്കി. മുംബൈ ഇന്ത്യന്‍സിനെതിര 1000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കോലി സ്വന്തമാക്കി. 1,030 റണ്‍സാണ് മുംബൈയ്ക്ക് എതിരെ കോലിക്കുള്ളത്. മത്സരത്തില്‍ സാല്‍ട്ടിനൊപ്പം 120 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ കോലി ഇതിലും റെക്കോര്‍ഡിട്ടു. ട്വന്‍റ20കളില്‍ കോലിയുടെ 47–ാമത്തെ സെഞ്ചറി കൂട്ടുകെട്ടാണിത്. ക്രിസ് ഗെയിലിനെയാണ് മറികടന്നത്. 

ബാറ്റര്‍മാര്‍ നിറഞ്ഞാടിയ മല്‍സരത്തില്‍ മുംൈബ ഇന്ത്യന്‍സിനെ 18 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തോല്‍പ്പിച്ചത്. കോലിയും ഫില്‍ സോള്‍ട്ടും രജത് പാട്ടീദാറും അര്‍ധസെഞ്ചുറി നേടിയപ്പോള്‍, 241 റണ്‍സാണ് ബെംഗളൂരു വിജയലക്ഷ്യമായി ഉയര്‍ത്തിയത്. മുംൈബ ഇന്ത്യന്‍സിന്റെ പോരാട്ടം  222 റണ്‍സില്‍ ഒതുങ്ങി.

ENGLISH SUMMARY:

Virat Kohli injury is a new concern for RCB despite their return to winning ways. He scored 50 runs off 38 balls but did not field due to discomfort in his ankle during batting, raising questions about his availability for the tournament.