Image Credit: instagram/akash.deep969
ഇന്ത്യയുടെ സൂപ്പര്‍ താരം ആകാശ് ദീപും അക്ഷിത രാജുമായുള്ള വിവാഹമായിരുന്നു ഇന്നലെ. വരാണസിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങ് നടന്നത്. വൈകുന്നേരത്തോടെ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
ചടങ്ങില്‍ പക്ഷേ സൂപ്പര്‍താരങ്ങളായ ധോണിയും കോലിയും രോഹിത് ശര്‍മയും ഇല്ലാതിരുന്നത് ആരാധകര്‍ അന്വേഷിക്കുകയും ചെയ്തു. 'കോലിയെയും ധോണിയെയും രോഹിതിനെയുമൊന്നും വിളിച്ചില്ലേയെന്ന ചോദ്യത്തിന് ' കല്യാണം ഇവിടെ ബനാറസിലല്ലേ' എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഇതോടെ, സൂപ്പര്‍താരങ്ങളെത്തിയാല്‍ വിവാഹച്ചടങ്ങിന് വലിയ സുരക്ഷയേര്‍പ്പെടുത്തേണ്ടി വരുമെന്നും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാണ് ചടങ്ങിലേക്ക് സൂപ്പര്‍താരങ്ങളെ ക്ഷണിക്കാതിരുന്നതെന്നുമുള്ള നിഗമനത്തിലാണ് ആരാധകര്‍ എത്തിച്ചേര്‍ന്നത്. ബിഹാര്‍ സ്വദേശിനിയാണ് ആകാശിന്‍റെ പങ്കാളിയായ അക്ഷിത. എംസിഎ ബിരുദധാരിയായ അവര്‍ ടെക് മേഖലയിലാണ് ജോലി ചെയ്യുന്നത്.
10 ടെസ്റ്റ് മല്‍സരങ്ങളില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ആകാശ് ദീപ് 28 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 60 റണ്‍സ് മാത്രം വഴങ്ങി ആറുവിക്കറ്റെടുത്തതാണ് ശ്രദ്ധേയമായ പ്രകടനം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി താരം കരാറിലെത്തിയിരുന്നുവെങ്കിലും പരുക്കിനെ തുടര്‍ന്ന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരുക്കിനെ തുടര്‍ന്ന് അഫ്ഗാനെതിരായ ടെസ്റ്റ് പരമ്പരയിലും ആകാശിന് ഇടം നഷ്ടമായിരുന്നു.