കാലം തോടുക്കുന്ന പ്രായത്തിന്‍റെ ബൗണ്‍സറുകള്‍ ബൗണ്ടറി കടത്തി വിരാട് കോലി ചിരിക്കുന്നു. നമ്പരുകള്‍ കൂടുന്നു സ്കോര്‍ബോര്‍ഡിലും റെക്കോര്‍ഡ് ബുക്കിലും. പിറന്നാള്‍ തലേന്നും ക്രിക്കറ്റ് കണക്കുപുസ്തകത്തില്‍ കോലിയുടെ വക തിരുത്തലുകള്‍. ഓക്‌ലന്‍ഡില്‍ 51 പന്തില്‍ 74 റണ്‍സെടുത്ത് ഏകദിന കരിയറിലെ 80 ആം അര്‍ധശതകം പിന്നിട്ടപ്പോള്‍ മൂന്നാം നമ്പറില്‍ 13,000 റണ്‍സ് എടുക്കുന്ന ആദ്യ ബാറ്ററായി. റണ്‍ പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കുറിച്ച 8720 റണ്‍സ് എന്ന റെക്കോര്‍ഡ് മറികടന്നു. തിരുത്താന്‍ കണക്കുബുക്കില്‍ ഇനിയും റെക്കോര്‍ഡുകള്‍ ബാക്കി. 1988 നവംബർ അഞ്ചിന് ഡല്‍ഹിയില്‍ ജനിച്ച കോലി ,,മലേഷ്യയിൽ 2008-ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ നയിച്ച് കിരീടം നേടിയപ്പോഴാണ് ആ മനുഷ്യനെ സത്യത്തില്‍ എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങിയത്.
തുടുത്ത കവിളുകളുള്ള ആ പൊടിമീശക്കാരനെക്കാള്‍ ശാരീരിക ക്ഷമതയുളളവനാണ് ഇന്ന് ചടുലനീക്കങ്ങളുമായി കളം നിറയുന്ന കോലി. അതുകൊണ്ടാണ് പറഞ്ഞത് കാലത്തിന്‍റെ ബൗണ്‍സറുകള്‍ കോലിയെ കരുത്തനാക്കിയതേയുള്ളൂ. ഇതിനിടെ കുറെ കപ്പുകളും റെക്കോര്‍ഡുകളും.ഏകദിനത്തിൽ 49 സെഞ്ചറികളെന്ന സച്ചിന്‍റെ റെക്കോർഡ് മറികടന്ന കോലി ഇപ്പോൾ 55 ഏകദിന സെഞ്ചറികളുമായി ലോക റെക്കോർഡിന് ഉടമ.ടെസ്റ്റ് ക്രിക്കറ്റിൽ 9230 റൺസും 30 സെഞ്ചറികളും. ട്വന്‍റി20യില്‍ 4188 റൺസും ഒരു സെഞ്ചറിയും. മൂന്ന് ഫോർമാറ്റുകളിലുമായി 86 സെഞ്ചുറികൾ. മുന്നില്‍ സെഞ്ചുറികളില്‍ സെഞ്ചറിനേടിയ സച്ചിന്‍ മാത്രം . 2011-ലെ ഏകദിന ലോകകപ്പ് ജയിച്ച ടീമില്‍ അംഗം.2013-ലെ ചാംപ്യൻസ് ട്രോഫി വിജയം .2024-ലെ ട്വന്‍റി20 ലോകകപ്പ് ഫൈനലിലെ നിർണായക ഇന്നിങ്സിലൂടെ ഇന്ത്യയുടെ വിജയശിൽപി. 2025-ലെ ചാംപ്യൻസ് ട്രോഫി വിജയം..അങ്ങനെ വീരാ വിരാടാ എന്ന് തലക്കെട്ടുകള്‍ നിരത്തിയ നിരവധി സന്ദര്‍ഭങ്ങള്‍.വീണ്ടുമൊരു ലോകകപ്പ് വരുന്നു.കോലി ചിരിക്കുന്നു.. വിജയലക്ഷ്യങ്ങളുടെ മാത്രമല്ല,കായിക ക്ഷമതയുടെ ചേയ്സ്മാസ്റ്റര്‍ കൂടിയാണെന്ന് താനെന്ന് കോലി തെളിയിക്കുന്നു.