vaibhav-rr-manager-phone

ഐപിഎല്ലില്‍ അപരാജിത കുതിപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെയസിങിലാണ് ടീമിന്‍റെ വിജയം. മത്സരത്തിനിടെയുള്ള ടീം ഡഗൗട്ടിലെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനെ പുതിയ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഐപിഎല്‍ നിയമങ്ങള്‍ ലംഘിച്ച് ടീം മാനേജര്‍ ഫോണ്‍ ഉപയോഗിച്ചതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

രാജസ്ഥാന്‍ ബാറ്റ് ചെയ്യുമ്പോള്‍ 11-ാം ഓവറിലാണ് സംഭവം. രാജസ്ഥാന്‍ ടീം മാനേജര്‍ റോമി ബിന്ദർ ഫോണ്‍ ഉപയോഗിക്കുകയും അടുത്തിരിക്കുന്ന വൈഭവ് ഫോണിലേക്ക് എത്തിനോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. താരങ്ങള്‍ക്കും മാച്ച് ഓഫീഷ്യല്‍സിനുമായുള്ള 2026 ലെ ഐപിഎല്ലിലെ കളിക്കാരുടെയും മാച്ച് ഒഫീഷ്യൽസിന്റെയും ഏരിയ പ്രോട്ടോകോള്‍ പ്രകാരം ടീം മാനേജര്‍മാര്‍ക്ക് ഫോണ്‍ കയ്യില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടെങ്കിലും ഡഗൗട്ടിലേക്ക് കൊണ്ടുവരാന്‍ പാടില്ല. ഡ്രസിങ് റൂമില്‍ മാത്രമാണ് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുക.

സംഭവത്തില്‍ ബിന്ദറിനെതിരെ നടപടി വന്നേക്കാം എന്നാണ് വിവരം. മാച്ച് റഫറിയും ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റും അദ്ദേഹത്തെ വിളിച്ചുവരുത്താനാണ് സാധ്യത. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, വിഷയം എങ്ങനെ ഐ‌പി‌എൽ ഗവേണിംഗ് കൗൺസിൽ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം. ഇതിനെതിരെ നടപടി ഉടനടി വേണമെന്ന് ഐപിഎല്‍ ഫൗണ്ടിങ് ചെയര്‍മാന്‍ ലളിത് മോഡി എക്സില്‍ കുറിച്ചു. ഡഗൗട്ടില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതര പിഴവാണെന്ന് ഐപിഎലുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബിന്ദര്‍ മറയില്ലാതെയാണ് ഫോണ്‍ നോക്കുന്നത്. തൊട്ടടുത്തിരിക്കുന്ന താരവും സ്ക്രീനില്‍ നോക്കുന്നുണ്ട്. ഇത് അന്വേഷിക്കേണ്ട കാര്യമാണ്, എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 

ബി.സി.സി.ഐ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി മത്സരത്തിന് ഇറങ്ങുന്നതിന് മുന്‍പ് കളിക്കാരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഫോണ്‍ മാറ്റിവെയ്ക്കേണ്ടതുണ്ട്. മത്സരം പൂര്‍ത്തിയായതിന് ശേഷം മാത്രമെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. കളിക്കാരുടെയും മാച്ച് ഒഫീഷ്യൽസിന്റെയും ഏരിയ പ്രോട്ടോകോള്‍ അനുസരിച്ച് ടീം അംഗങ്ങളില്‍ ചുരുക്കം പേര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്.

ENGLISH SUMMARY:

Rajasthan Royals are facing a new controversy after their team manager was seen using a phone in the dugout during an IPL match. This action potentially violates IPL rules, leading to an investigation by the BCCI anti-corruption unit.