Cricket - Indian Premier League - IPL - Chennai Super Kings v Delhi Capitals - MA Chidambaram Stadium, Chennai, India - April 11, 2026
Chennai Super Kings' Sanju Samson celebrates after reaching his century REUTERS/Priyanshu Singh

Cricket - Indian Premier League - IPL - Chennai Super Kings v Delhi Capitals - MA Chidambaram Stadium, Chennai, India - April 11, 2026 Chennai Super Kings' Sanju Samson celebrates after reaching his century REUTERS/Priyanshu Singh

ചെപ്പോക്കില്‍ ഇന്നലെ സഞ്ജുവിന്‍റെ ദിവസമായിരുന്നു. 56 പന്തുകളില്‍ നിന്ന് 115 റണ്‍സ്. രണ്ടു കളിയില്‍ രണ്ടക്കം കടന്നില്ലെങ്കില്‍ ടീമില്‍ നിന്നേ പുറത്താക്കൂവെന്ന് ആക്രോശിക്കുന്നവരുടെ വായടപ്പിച്ച് 'ചേട്ടന്‍' ഷോ.  ആ കരുത്തില്‍ സീസണിലെ ആദ്യ ജയവും ചെന്നൈ നേടി. ചെന്നൈയുടെ മനംകവര്‍ന്ന ആ ഇന്നിങ്സിന് ശേഷം തന്‍റെ നേട്ടം മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരവും കോച്ചുമായിരുന്ന രവിശാസ്ത്രിക്കാണെന്ന് സഞ്ജു ഏറെ സന്തോഷത്തോടെ പറഞ്ഞു. ബ്രോഡ്കാസ്റ്റര്‍ പ്രസന്‍ററായാണ് രവി ശാസ്ത്രി മല്‍സരത്തിനെത്തിയിരുന്നത്. രവി ശാസ്ത്രി തന്‍റെ ഭാഗ്യമാണെന്നും എല്ലാ കളിക്ക് മുന്‍പും കാണാന്‍ കഴിയുമോ എന്നുമായിരുന്നു സഞ്ജുവിന്‍റെ ചോദ്യം. 'സര്‍, നിങ്ങളോടെനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്. എല്ലാ കളിക്ക് മുന്‍പും താങ്കളെ കാണുന്നത് ഭാഗ്യം  കൊണ്ടുവരുമെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. എല്ലാ കളിയിലും ദയവായി വരാമോ?' എന്നായിരുന്നു സഞ്ജുവിന്‍റെ വാക്കുകള്‍. 

ഐപിഎലില്‍ ഇക്കുറി ആരാധകര്‍ കാത്തിരുന്ന പ്രകടനമാണ് സഞ്ജുവില്‍ നിന്നുണ്ടായത്. രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായിരുന്നു സഞ്ജു ചെന്നൈയിലേക്ക് എത്തിയത്. ട്വന്‍റി 20 ലോകകപ്പിലെ തകര്‍പ്പന്‍  പ്രകടനം കൂടിയായപ്പോള്‍ സഞ്ജുവിന്‍റെ കളി കാണാന്‍ സിഎസ്കെ ആരാധകര്‍ സ്റ്റേഡിയം നിറഞ്ഞെത്തി. എന്നാല്‍ ആദ്യ കളികളില്‍ നിരാശപ്പെടുത്തിയതോടെ വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നു. കളി ജയിപ്പിക്കുന്ന എത്ര പ്രകടനങ്ങളുണ്ടായാലും തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ മാനസികമായി തകര്‍ക്കുമെന്നും താരം വെളിപ്പെടുത്തി. 

'സത്യസന്ധമായി പറഞ്ഞാല്‍, എത്ര മികച്ച ഫോമിലാണെങ്കിലും എത്ര കളി രാജ്യത്തിനായി ജയിച്ചുവെങ്കിലും രണ്ടേ രണ്ട് തോല്‍വികള്‍ നിങ്ങളെ ആകെ ആശയക്കുഴപ്പത്തിലാക്കും. അടിസ്ഥാന പാഠങ്ങളിലേക്ക് മടങ്ങിപ്പോകാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നില്‍ തന്നെ വിശ്വസിക്കുകയും സ്കോറിങ് പാറ്റേണില്‍ ശ്രദ്ധിക്കുകയും ചെയ്തു. ഗെയിം പ്ലാന്‍ മാറ്റണോ, അടിച്ചു കളിക്കണോ എന്നൊക്കെയുള്ള നിരവധി ചിന്തകള്‍ മനസില്‍ നിറഞ്ഞു. എന്താണ് വര്‍ക്കാവുന്നതെന്നും അതില്‍ ഉറച്ച് നില്‍ക്കാനും ഞാന്‍ തീരുമാനിച്ചു. അത് ഭംഗിയായി നടന്നു' എന്നും സ‍ഞ്ജു വിശദീകരിച്ചു. 

ആയുഷ് മാത്രെ–സ‍ഞ്ജു കൂട്ടുകെട്ടില്‍ 67 പന്തില്‍ നിന്നും 113 റണ്‍സ് പിറന്നു. ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ടതും ഈ കൂട്ടുകെട്ടാണ്. ആയുഷിനൊപ്പം ആസ്വദിച്ചാണ് താന്‍ കളിച്ചതെന്നും സഞ്ജു മല്‍സരശേഷം പറഞ്ഞു. പിന്നീടെത്തിയ ശിവം ദുബെ വെടിക്കെട്ടിന് തീ കൊളുത്തിയതോടെ സ്കോര്‍ 200 കടക്കുകയായിരുന്നു. ചെന്നൈയ്ക്കായുള്ള സഞ്ജുവിന്‍റെ ആദ്യ സെഞ്ചറിയും ഐപിഎലിലെ നാലാമത്തെയും സീസണിലെ ആദ്യ സെഞ്ചറിയുമാണിത്. 

ENGLISH SUMMARY:

Sanju Samson silenced his critics by scoring a magnificent 115 runs off 56 balls for Chennai Super Kings against a tough opponent. Following his match-winning performance at Chepauk, Sanju humorously requested former coach Ravi Shastri to attend all his future matches as a lucky charm. This century marks Sanju's fourth in IPL history and his first since joining the CSK squad this season. The captain's knock included a vital partnership with young talent Ayush Mhatre, setting a solid foundation for the team. Despite facing immense pressure after early failures, Sanju emphasized the importance of returning to basics and trusting his natural scoring patterns. Thanks to his brilliance and Shivam Dube’s late fireworks, Chennai successfully crossed the 200-run mark to secure their first victory.