കായിക മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ അപൂര്‍വമായെങ്കിലും മനസിന് കുളിര്‍മ നല്‍കുന്ന ചില കാഴ്ചകള്‍ കാണാന്‍ സാധിക്കാറുണ്ട്. അത്തരമൊരു രംഗമാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന് അരങ്ങേറിയത്. കൊൽക്കത്ത ആരാധികയായ യുവതിയോട് ഒരു മുംബൈ ആരാധകൻ നടത്തുന്ന വിവാഹാഭ്യർഥനയുടെ ദൃശ്യങ്ങളായിരുന്നു അവ.
കൊൽക്കത്തയുടെ ഔദ്യേഗിക പേജിലടക്കം വിഡിയോ പങ്കുവച്ചു. കെകെആർ ജഴ്സി ധരിച്ചിരുന്ന കാമുകിക്ക് മോതിരം നൽകിക്കൊണ്ടാണ് മുംബൈ ജഴ്സി ധരിച്ച യുവാവിന്റെ വിവാഹാഭ്യർഥന.
എന്നാൽ മോതിരം ബോക്സിൽനിന്ന് എടുക്കുന്നതിനിടെ താഴെ വീണത് കുറച്ചു നേരം യുവാവിനെ പരിഭ്രാന്തനാക്കി. പവലിയനിലെ സീറ്റുകൾക്കിടയിലൂടെ മോതിരം താഴേയ്ക്കു വീഴുകയായിരുന്നു. എങ്കിലും മറ്റൊരു കാണി, ഇതു കണ്ടെത്തി തിരിച്ചേൽപ്പിച്ചു. പിന്നാലെ യുവതിക്ക് മോതിരം കൈമാറുകയും ഇരുവരും കെട്ടിപ്പിടിക്കുന്നതുമാണ് വിഡിയോയിലുള്ളത്.