ഐപിഎലിലെ ആദ്യ മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സൂപ്പര്‍ താരം ധോണി പങ്കെടുക്കില്ല. രണ്ടാഴ്ചത്തെ മല്‍സരങ്ങളില്‍ നിന്നാകും താരം വിട്ടുനില്‍ക്കുക. കാലിലെ പേശികള്‍ക്ക് പരുക്കേറ്റതോടെയാണ് താരത്തിന് വിശ്രമം വേണ്ടി വന്നത്. ധോണിയുടെ ആരോഗ്യം നിരീക്ഷിച്ച് വരികയാണെന്നും സിഎസ്കെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. തിങ്കളാഴ്ച രാജസ്ഥാന്‍ റോയല്‍സുമായാണ് ചെന്നൈയുടെ ഓപ്പണിങ് മല്‍സരം.
നേരത്തെ ചെന്നൈ പുറത്തുവിട്ട പരിശീലന വിഡിയോയില്‍ ധോണി ബാറ്റ് ചെയ്യുന്നതിന്‍റെയും സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായതിന്‍റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പരുക്കിനെ തുടര്‍ന്ന് ആദ്യ മല്‍സരത്തില്‍ ധോണിയുണ്ടാവില്ലെന്ന് ടീം സ്ഥീരികരിച്ചു കഴിഞ്ഞു. ധോണി പരുക്കേറ്റ് പുറത്തിരിക്കുന്നതോടെ സഞ്ജു തന്നെയാകും ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍.
കാല്‍മുട്ടിന്‍റെ പരുക്ക് തുടര്‍ച്ചയായി അലട്ടുന്നതിനാല്‍ ധോണിയുടെ അവസാന സീസണാകും ഇതെന്ന അഭ്യൂഹങ്ങള്‍ നേരത്തേ നിറഞ്ഞിരുന്നു. തന്‍റെ ഫിറ്റ്നസ് കുറയുന്നതായി ധോണിയും അടുത്തയിടെ തുറന്ന് പറയുകയും ചെയ്തു. ഫിറ്റ്നസിന് പുറമെ പ്രായം, കാല്‍മുട്ടിന്‍റെ പരുക്ക് എന്നിവയെ തുടര്‍ന്ന് ലോവര്‍ മിഡില്‍ ഓര്‍ഡറിലേക്ക് ധോണി സ്ഥാനം മാറുകയും ചെയ്തു. 278 മല്‍സരങ്ങളില്‍ നിന്നായി 5439 റണ്‍സാണ് ഐപിഎലില്‍ ധോണിയുടെ സമ്പാദ്യം. ഇതില്‍ 24 അര്‍ധ സെഞ്ചറികളുമുണ്ട്. 84 ആണ് തലയുടെ മികച്ച സ്കോര്‍. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആറാമത്തെ സ്കോററും ധോണി തന്നെ. കഴിഞ്ഞ സീസണില്‍ പക്ഷേ 13 ഇന്നിങ്സുകളില്‍ നിന്നായി 196 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. 30 ആയിരുന്നു താരത്തിന്‍റെ മികച്ച സ്കോര്‍.
ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഇക്കുറി ഇറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സഞ്ജു ചെന്നൈയിലെത്തിയപ്പോള്‍ പകരമായി രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലേക്കെത്തി. പരുക്കേറ്റതിനാല്‍ സാം കറന് ഐപിഎല്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റുതുരാജ് ഗെയ്ക്ക്വാദാണ് ചെന്നൈ നായകന്‍. ഗുവാഹട്ടിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് ചെന്നൈ–രാജസ്ഥാന്‍ പോരാട്ടം.
Google Trending Topic: MS Dhoni