ഐപിഎല്‍ സീസണ്‍ തുടങ്ങാനിരിക്കെ ആരാധകരെ ഞെട്ടിച്ച് ടിക്കറ്റ് വില. മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മില്‍ വാങ്കഡെയില്‍ വച്ച് നടക്കുന്ന കളിയുടെ ടിക്കറ്റിനാണ് ഒരു ലക്ഷം വരെ വിലയായത്. വില്‍പ്പന ഓപ്പണായി നിമിഷങ്ങള്‍ക്കകം ടിക്കറ്റ് തീരുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയാണ് ടിക്കറ്റിന് വില വീണത്. അതേസമയം മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്തയും തമ്മിലുള്ള മല്‍സരത്തിന്റെ ടിക്കറ്റുകള്‍ക്ക് 6500 രൂപമുതല്‍ അരലക്ഷം രൂപവരെയായിരുന്നു വില.
മാര്‍ച്ച് 29ന് കൊല്‍ക്കത്തയ്ക്കെതിരെയും ഏപ്രില്‍ പന്ത്രണ്ടിന് ആര്‍സിബിക്കെതിരെയും വാങ്കഡെയില്‍ വച്ചാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ രണ്ട് മല്‍സരങ്ങള്‍. നേരിട്ട് പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കുന്ന രീതിയായിരുന്നില്ല മുംബൈ ഇന്ത്യന്‍സ് സ്വീകരിച്ചത്. നാലുഘട്ടമായാണ് ടിക്കറ്റ് വില്‍പ്പന മുംബൈ ഇന്ത്യന്‍സ് ക്രമീകരിച്ചത്. ഗൂഗിള്‍പേ യുപിഐ എക്സ്ക്ലൂസീവ് വിന്‍ഡോ (മാര്‍ച്ച് 19–21), എംഐ ഗോള്‍ഡ്, സില്‍വര്‍, ജൂനിയര്‍ അംഗങ്ങള്‍ക്കുള്ളത്, എംഐ ബ്ലൂ അംഗങ്ങ്‍, മുന്‍പ് റജിസ്റ്റര്‍ ചെയ്തിരുന്നവര്‍, ഒടുവിലായി പൊതുജനങ്ങള്‍ക്ക് എന്നിങ്ങനെയായിരുന്നു ടിക്കറ്റ് ലഭ്യമാക്കിയത്. അതായത് പൊതുജനങ്ങള്‍ ടിക്കറ്റെടുക്കാന്‍ വരുന്നതിന് മുന്‍പ് തന്നെ നല്ലൊരു പങ്ക് ടിക്കറ്റുകളും വിറ്റുപോയിരുന്നു. ബുക്ക്മൈ ഷോയില്‍ മുംബൈ ഇന്ത്യന്‍സും ആര്‍സിബിയുമായുള്ള മല്‍സരത്തിന് ടിക്കറ്റില്ലെന്നും കൊല്‍ക്കത്തയുമായുള്ള മല്‍സരത്തിന്‍റേത് ഫാസ്റ്റ് ഫില്ലിങ് എന്നുമാണ് കാണിച്ചിരുന്നത്. ഒരാള്‍ക്ക് നാല് ടിക്കറ്റുകള്‍ ബുക്ക്മൈ ഷോ വഴിയെടുക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു.
ആര്‍സിബിയാവട്ടെ സ്വന്തം ഒഫിഷ്യല്‍ ചാനല്‍ വഴിയാണ് ടിക്കറ്റ് വിറ്റത്. ആര്‍സിബിയുടെ വെബ്സൈറ്റിലും ആപ്പിലും മാത്രമേ ടിക്കറ്റുകള്‍ ഉണ്ടാവുകയുള്ളൂവെന്നായിരുന്നു അറിയിപ്പ്. തേര്‍ഡ് പാര്‍ട്ടി ആപ്പുകളൊന്നും വഴി ടിക്കറ്റ് വില്‍ക്കുന്നില്ലെന്നും അങ്ങനെ അറിഞ്ഞാല്‍ പൊലീസില്‍ പരാതി നല്‍കണമെന്നും ആര്‍സിബി ആരാധകര്‍ക്ക് മുന്നറിയിപ്പും നല്‍കി.
ഐപിഎല്‍ ടിക്കറ്റുകള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും സ്വകാര്യ ഉപയോഗം മാത്രമേ അനുവദിക്കുകയുള്ളൂവെന്നുമാണ് നിയമാവലിയില്‍ പറയുന്നത്. എന്നാല്‍ ബുക്ക്മൈ ഷോയിലൂടെ വാങ്ങുന്ന ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ടിക്കറ്റുകള്‍ ഇല്ലാത്തതല്ല നിലവിലെ പ്രശ്നമെന്നും ഉയര്‍ന്ന തുകയുടെ ടിക്കറ്റുകള്‍ മാത്രമാണ് പബ്ലിക്കിനായി ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. സെക്കന്‍ററി ലിസ്റ്റിങുകളുടെ ഉടമസ്ഥത ചര്‍ച്ചയാകേണ്ടതുണ്ടെന്നും റീസെയില്‍ വഴി കൊള്ളലാഭമുണ്ടാക്കുന്നത് തടയണമെന്നും ആളുകള്‍ ആവശ്യമുയര്‍ത്തുന്നു.