ക്രിക്കറ്റ് വിട്ട് ബിസിനസിലേക്ക് എത്തിയ ബിര്‍ള കുടുംബത്തിലെ ഇളമുറക്കാരനായ ആര്യമന്‍ ബിര്‍ളയാണ് ഇനി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ അമരത്ത്. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ആര്യമന്‍ 22ാം വയസിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ബിസിനസിലേക്ക് തിരിഞ്ഞത്.
ആദിത്യ ബിർള ഗ്രൂപ്പ് ഉടമ കുമാർമംഗലം ബിർളയുടെ മകനാണ് 28കാരനായ ആര്യമൻ ബിർള. രണ്ടു സീസണുകളിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഭാഗമായിരുന്നു ആര്യമൻ. 2018-ലെ ഐപിഎൽ ലേലത്തിൽ ടീമിലെത്തിയെങ്കിലും, തുടർച്ചയായ പരുക്കുകളെത്തുടർന്ന് 22-ാം വയസ്സിൽ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. മധ്യപ്രദേശിനായി 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 4 ലിസ്റ്റ് എ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു സെഞ്ചുറി ഉള്‍പ്പടെ 414 റൺസും ലിസ്റ്റ് എയിൽ 36 റൺസും നേടി. 2018-ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ബംഗാളിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ മധ്യപ്രദേശിനായി 189 പന്തുകളിൽനിന്ന് 103 റൺസെടുത്താണ് ക്രിക്കറ്റ് കരിയറിലെ മികച്ച പ്രകടനം. കരിയറിന്റെ തുടക്കത്തിൽ മിഡിൽസെക്സ് വെറ്ററൻ താരം പോൾ വീക്സുമായി ചേർന്ന് ആര്യമൻ പരിശീലനം നടത്തിയിരുന്നു.
ഒരിക്കല്‍ ജേഴ്സിയണിഞ്ഞ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കാനുള്ള മല്‍സരത്തിലും അര്യമന്‍ ബിര്‍ള നേതൃത്വം നല്‍കിയ കണ്‍സോര്‍ഷ്യം ഉണ്ടായിരുന്നെങ്കിലും പിന്തള്ളപ്പെട്ടു. എന്നാല്‍ RCBയുടെ വില്‍പനയില്‍ അര്യമന്റെ കണക്കുകൂട്ടുലുകല്‍ തെറ്റിയില്ല.