rcb-acquisition-aditya-birla-group

ഐപിഎൽ ഫ്രാഞ്ചൈസിയായ RCB സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്  നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം. ഏകദേശം 16,000 കോടി രൂപയ്ക്കാണ്, യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡില്‍ നിന്ന് ടീമിനെ സ്വന്തമാക്കിയത്. ഇംഗ്ലീഷ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളെ അടക്കം പിന്നിലാക്കിയാണ് ടീം സ്വന്തമാക്കിയത്.  ഫ്രാഞ്ചൈസിയുടെ പുരുഷ, വനിതാ ടീമുകളും ഇടപാടിൽ ഉൾപ്പെടും. 

വിരാൽ പട്ടേൽ സിഇഒ ആയ ഇക്വിറ്റി സ്ഥാപനം ബ്ലാക്ക്‌സ്റ്റോൺ, അമേരിക്കൻ നിക്ഷേപകൻ ഡേവിഡ് ബ്ലിറ്റ്‌സറിന്റെ ഉടമസ്ഥതയിലുള്ള ബോൾട്ട് വെൻചേഴ്‌സ്, മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യ എന്നിവരാണ് കൺസോർഷ്യത്തിലെ മറ്റ് പങ്കാളികൾ. വിൽപനക്കരാർ പ്രകാരം ആദിത്യ ബിർള ഗ്രൂപ്പ് ഡയറക്ടറായ ആര്യമാൻ വിക്രം ബിർള ആർസിബിയുടെ ചെയർമാനാകും. ടൈംസ് ഓഫ് ഇന്ത്യയുടെ സത്യൻ ഗജ്‌വാനി ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും വഹിക്കും. 2026 സീസണ് ശേഷമാകും കൈമാറ്റം. ഇതോടെ ഐപിഎലിലെ ഏറ്റവും വിലയേറിയ ഫ്രാഞ്ചൈസിയാകും കോലിയുടെ RCB

ടീമിന്റെ100 ശതമാനം ഓഹരികളും കണ്‍സോര്‍ഷ്യം സ്വന്തമാക്കി. യുകെ ആസ്ഥാനമായ ഡിയാജിയോയുടെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡായിരുന്നു RCBയുടെ ഉടമസ്ഥര്‍. എന്നാല്‍ തങ്ങളുടെ പ്രധാന ബിസിനസ് പദ്ധതികൾക്ക് അനുയോജ്യമല്ലാത്തതിനാലാണ് ആർസിബിയുടെ ഉടമസ്ഥാവകാശം ഒഴിയാൻ കമ്പനി തീരുമാനിച്ചത്. നേരത്തേ, ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിനെ യുഎസ് ആസ്ഥാനമായ കൽ സോമാനി  നയിക്കുന്ന കൺസോർഷ്യം ഏകദേശം  15,000 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.