11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനുശേഷം ചിന്നസ്വാമി സ്റ്റേഡിയം പരിസരം
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ കന്നി ഐപിഎല്‍ കിരീടനേട്ടത്തിന്‍റെ ആഘോഷം രാജ്യം കണ്ട ഏറ്റവും വലിയ കായികദുരന്തമായി മാറിയിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് പരിസരത്തെ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആര്‍സിബിയുടെ കിരീടനേട്ടത്തിന്‍റെ പൊലിമ ആ നിമിഷം അവസാനിക്കുകയും ചെയ്തു. പുതിയ ഐപിഎല്‍ സീസണ്‍ തുടങ്ങാനിരിക്കേ ടീമിന്‍റെ എക്കാലത്തെയും വലിയ നഷ്ടമായി ആ 11 പേരെ ഓര്‍ക്കുകയാണ് ആര്‍സിബി. അവരോടുള്ള ആദരസൂചകമായി മല്‍സര ദിവസങ്ങളില്‍ പരിശീലനസമയത്ത് ടീം അംഗങ്ങള്‍ പതിനൊന്നാം നമ്പര്‍ ജഴ്സി ധരിക്കും.
ആര്‍സിബിയുടെ ഐപിഎല്‍ കിരീടനേട്ടം ആഘോഷിക്കാന്‍ ബെംഗളൂരുവില്‍ തടിച്ചുകൂടിയ ജനക്കൂട്ടം
സ്റ്റേഡിയത്തില്‍ 11 കസേരകള്‍ മല്‍സരദിവസങ്ങളിലെല്ലാം ഒഴിച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. എക്കാലവും തങ്ങളോടൊപ്പമുള്ള ആ ആരാധകര്‍ക്കുള്ള ആദരമാണതെന്ന് ആര്‍സിബി സിഇഒ രാജേഷ് മേനോന്‍ അറിയിച്ചു. ഇതിനുപുറമേ മല്‍സരദിവസം കറുത്ത ആം ബാന്‍ഡ് ധരിക്കും ആര്‍സിബി താരങ്ങള്‍ കളത്തിലിറങ്ങുക. 2025 ജൂണ്‍ നാലിനാണ് ചിന്നസ്വാമി സ്റ്റേഡിയം പരിസരത്ത് കായികലോകത്തെയാകെ നടുക്കി ദുരന്തമുണ്ടായത്.
2025 ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി ടീമിന്‍റെ ആഹ്ളാദം
വെള്ളിയാഴ്ചയാണ് ഐപിഎല്‍ 2026ന് കൊടിയുയരുന്നത്. ചാംപ്യന്മാരായ ആര്‍സിബി അന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ച് ഹോം മാച്ചുകളില്‍ ആദ്യത്തേതാണ് ഇത്. ആര്‍സിബിയുടെ രണ്ട് ഹോം മാച്ചുകള്‍ റായ്പൂരിലെ ഷഹീദ് വീര്‍നാരായണ്‍ സിങ് സ്റ്റേഡിയത്തിലാണ് നടക്കുക.