Image Credit: AFP
ഇസ്രയേല്‍ നടത്തിയ കനത്ത ആക്രമണത്തിന് തിരിച്ചടിയായി അബുദബിയില്‍ ഇറാന്‍റെ മിസൈല്‍ ആക്രമണം. പ്രത്യേക സാമ്പത്തിക മേഖല ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടിടത്ത് തീ പിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ബാലിസ്റ്റിക് മിസൈലിനെ ഇന്‍റര്‍സെപ്റ്റ് ചെയ്യുന്നതിനിടയിലാണ് അപകടമെന്ന് അബുദബി അധികൃതര്‍ അറിയിച്ചു. അബുദബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ KEZAD ലാണ് തീപിടിത്തമുണ്ടായത്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ പങ്കുവയ്ക്കാവൂവെന്നും അബുദബി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച അബുദബിയില്‍ ബാലിസ്റ്റിക് മിസൈലിന്‍റെ അവശിഷ്ടങ്ങള്‍ വീണ് ഒരിന്ത്യക്കാരന്‍ മരിച്ചിരുന്നു.
പത്തുദിവസത്തേക്ക് ഇറാന്‍റെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയെങ്കിലും ടെഹ്റാനിലും ഇറാനിലെ ഊര്‍ജപ്ലാന്‍റുകളിലും ബൂഷഹ്റിലെ ആണവനിലയത്തിലും ഇസ്രയേല്‍–യുഎസ് സംയുക്ത ആക്രമണം ഉണ്ടായെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. കനത്ത തിരിച്ചടി ഇതിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ കനത്ത ആക്രമണം നടത്തിയത്.
ഇറാനില്‍ നിന്നുള്ള മിസൈലുകളും ഡ്രോണുകളും ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്നും എന്നാല്‍ ജനവാസമേഖലകള്‍ ലക്ഷ്യമിട്ട് ഇവയെത്തുന്നത് കനത്ത പ്രതിസന്ധിയും ജീവനാശവും സൃഷ്ടിക്കുന്നുവെന്നും ഗള്‍ഫ് രാജ്യങ്ങള്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കടുത്തേക്ക് സഞ്ചരിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇറാന്‍റെ രണ്ട് വലിയ സ്റ്റീല്‍ ഫാക്ടറികളും പവര്‍ പ്ലാന്‍റും സിവിലിയന്‍ ആണവ കേന്ദ്രവും ഇസ്രയേല്‍ ആക്രമിച്ചുവെന്നും ഇതില്‍ യുഎസ് സഹായമുണ്ടായെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നതെന്നും അബ്ബാസ് അറഗ്ചി വ്യക്തമാക്കി. ഇസ്രയേലിന്‍റെ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മധ്യ ഇറാനിലെ ആറക് ഹെവി വാട്ടര്‍ പ്ലാന്‍റിലാണ് ആക്രമണം ഉണ്ടായത്. ഇവിടെ ഇനിയും ആണവ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇസ്രയേല്‍ അനുവദിക്കില്ലെന്നും ഇറാന്‍ ലോകത്തിന് തന്നെ ഭീഷണിയാണെന്നും ഐഡിഎഫ് എക്സില്‍ കുറിച്ചു.