ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ വിജയവുമായി നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റ് വിജയമാണ് ആർസിബി സ്വന്തമാക്കിയത്. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു നാലു വിക്കറ്റ് നഷ്ടത്തിൽ 15.4 ഓവറിൽ വിജയത്തിലെത്തി. സൂപ്പർ താരം വിരാട് കോലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും അർധ സെഞ്ചറി നേടി. 38 പന്തുകൾ നേരിട്ട കോലി അഞ്ച് വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 69 റൺസുമായി പുറത്താകാതെനിന്നു. ഹർഷൽ പട്ടേലിന്റെ 16–ാം ഓവറിലെ നാലാം പന്ത് ബൗണ്ടറി കടത്തി ആര്‍സിബിയുടെ വിജയ റൺസ് കുറിച്ചതും കോലിയാണ്.
ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കൽ 26 പന്തിൽ 61 റൺസെടുത്തു പുറത്തായി. 21 പന്തുകളിലാണ് പടിക്കല്‍ അര്‍ധ സെഞ്ചറിയിലെത്തിയത്. ഐപിഎലിൽ താരത്തിന്റെ വേഗതയേറിയ അർധ സെഞ്ചറിയാണിത്. ക്യാപ്റ്റൻ രജത് പാട്ടീദാർ (12 പന്തിൽ 31), ടിം ഡേവിഡ് (10 പന്തിൽ 16) എന്നിവരും ആർസിബിക്കു വേണ്ടി തിളങ്ങി. ആർസിബി ചേസ് ചെയ്തു വിജയിക്കുന്ന ഏറ്റവും മികച്ച മൂന്നാമത്തെ സ്കോറാണിത്.
ക്യാപ്റ്റൻ ഇഷാൻ കിഷന്റെ അർധ സെഞ്ചറി പ്രകടനമാണ് ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്. ഓപ്പണർമാരായ ട്രാവിസ് ഹെഡും (11), അഭിഷേക് ശർമയും (ഒൻപത്) വലിയ ഇന്നിങ്സ് കളിക്കാൻ സാധിക്കാതെ പുറത്തായപ്പോഴായിരുന്നു രക്ഷാപ്രവർത്തനവുമായി വൺഡൗൺ ഇറങ്ങിയ ഇഷാൻ കിഷന്‍ അവതരിച്ചത്. 38 പന്തുകൾ നേരിട്ട താരം 80 റൺസെടുത്തു പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 201 റൺസ്.