മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെയും പ്രതിഷേധം. കെ സി വേണുഗോപാല്‍ നിങ്ങളുടെ ആളാണെങ്കിലും ജനങ്ങള്‍ക്ക് സ്വീകാര്യനില്ലന്നാണ് കല്‍പറ്റയിലും കാരശേരിയും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്.വി ഡിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരെയും തിരിഞ്ഞിട്ടുണ്ട്.
കൽപ്പറ്റ ഡി സി സി ഒാഫീസിന് സമീപത്താണ് രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ഇംഗ്ലീഷിലുള്ള പോസ്റ്ററുകള്‍. കെ സി നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങൾ നിങ്ങളോട് പൊറുക്കില്ല. ജയിക്കാൻ വേണ്ടി ഇനി നിങ്ങള്‍ വയനാട്ടിലേക്ക് വരണ്ട, വയനാടിനെ പറ്റി മറന്നേക്കൂ, ഇവിടെ നിന്നും ഇനി ജയിക്കില്ല എന്നെല്ലാമാണ് വാചകങ്ങള്‍.
ആരുടേയും പേര് പോസ്റ്ററിലില്ലെങ്കിലും ഒട്ടിച്ചവരുടെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. . കോഴിക്കോട് കാരശേരിയിലെ പ്രിയങ്കഗാന്ധിയുടെ എം പി ഓഫീസിന് സമീപത്തും പോസ്റ്ററുകളുണ്ട്. ഇതിലെ വാചകങ്ങള്‍ സമാനമാണ്. പെരുമ്പാവൂര്‍ മുടിയ്ക്കലിൽ സ്വകാര്യച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് വിഡി സതീശനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹ്നാനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതും നീരസം പ്രകടിപ്പിച്ചതും.
എന്നാല്‍ തടഞ്ഞിട്ടില്ലെന്നും സൗഹൃദ സംഭാഷണമായിരുവെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. കുന്നത്തുനാട് നിയുക്ത എംഎൽഎ വി.പി സജീന്ദ്രനോടും കോൺഗ്രസ് പ്രവർത്തകർ വി.ഡി സതീശനെ പിന്തുണയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സാഹിത്യകാരന്‍ കല്‍പറ്റ നാരായണനും വി.ഡിക്കായി രംഗത്തുവന്നു.
മുഖ്യമന്ത്രി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും സണ്ണി ജോസഫ് തിരുവനന്തപുരത്ത് പറഞ്ഞു. തീരുമാനം ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകും. എന്നാല്‍ അന്തിമ ചര്‍ച്ചകള്‍ക്കായി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചിട്ടില്ല. തീരുമാനം വൈകിക്കരുത് എന്ന് മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ചു.
ഘടകകക്ഷികളും ഇതേ വികാരം അറിയിച്ചിട്ടുണ്ട്. മൂന്നു നേതാക്കളുടെയും പേരുകള്‍ ഇപ്പോളും ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ഗുണകരമായ തീരുമാനം ഉണ്ടാവുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. സമൂഹമാധ്യമപ്രചാരണങ്ങളോ വൈകാരികതയോ ആയിരിക്കില്ല തീരുമാനത്തിന് അടിസ്ഥാനം എന്നും നേതൃത്വം പറഞ്ഞു.