ഐപിഎല്ലിനൊരുങ്ങുന്ന സണ്‍ റൈസേഴ്സ് ഹൈദരാബാദ് ടീമില്‍ പ്രശ്നങ്ങള്‍? ടീമിന്‍റെ ശനിയാഴ്ചയിലെ പരിശീലന മത്സരത്തില്‍ നിന്നുള്ള വിഡിയോയിലാണ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനോട് സഹതാരം പ്രകോപനമായി സംസാരിക്കുന്നത്. ഇഷാന്‍റെ വിക്കറ്റെടുത്ത സീഷാൻ അൻസാരിയാണ് ഗ്രൗണ്ടില്‍ ടീം സ്പിരിറ്റ് വിട്ട് പെരുമാറിയത്.
മികച്ച ഫോമിലായ ഇഷാന്‍ സീഷന്‍ അന്‍സാരിയെ തുടരെ ബൗണ്ടറി കടത്തി. ആദ്യ നാലു പന്തില്‍ രണ്ടു സിക്സറും രണ്ടു ഫോറും നേടിയ ഇഷാന്‍റെ വിക്കറ്റ് നേടിയ ആഘോഷമാണ് അതിരുകടന്നത്. സീഷന്‍റെ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ സ്ക്വയര്‍ ലെഗില്‍ അനായാസ ക്യാച്ച് നല്‍കിയാണ് ഇഷാന്‍ പുറത്തായത്. പവലിയനിലേക്ക് വിരല്‍ചൂണ്ടി പുറത്തുപോകാനാണ് ബൗളര്‍ ആഗ്യം കാണിച്ചത്. ചിരിച്ചുകൊണ്ടാണ് ഇഷാന്‍ ഇതിനെ നേരിട്ടത്.
പരുക്കേറ്റ് പാറ്റ് കമ്മിന്‍സണ് പകരം ഇഷാന്‍ കിഷനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇടക്കാല ക്യാപ്റ്റനായി നിയമിച്ചിരുന്നു. അഭിഷേക് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. പുറംവേദനയെ തുടര്‍ന്ന് ആഷസ് സീരീസും ട്വന്‍റി 20 ലോകകപ്പും കമ്മിന്‍സിന് നഷ്ടമായിരുന്നു. എന്നാല്‍ എത്രനാള്‍ താരം പുറത്തിരിക്കേണ്ടി വരും എന്ന് സണ്‍റൈസേഴ്സ് വ്യക്തമാക്കിയിട്ടില്ല. ലോകകപ്പിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയ ശേഷമാണ് ഇഷാന്‍ ഐപിഎല്ലില്‍ നായകനാകുന്നത്.
ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ട്വന്‍റി 20 ടീമില്‍ അംഗമായിരുന്ന ഇഷാന്‍ 317 റണ്‍സോടെ ടൂര്‍ണമെന്‍റിലെ നാലാമത്തെ ടോപ്പ് സ്കോററാണ്. മൂന്ന് അര്‍ധ സെഞ്ചറി നേടിയ താരത്തിന്‍റെ ശരാശരി 80.25 ആണ്. 199.37 ആണ് സ്ട്രൈക്ക് റേറ്റ്. ഇഷാന്‍റെ ക്യാപ്റ്റന്‍സിയില്‍ സണ്‍റൈസേഴ്സ് ഇത്തവണ ഐപിഎല്ലിലെ ഉദ്ഘാടന മത്സരം കളിക്കും. ശനിയാഴ്ച ബെംഗളൂരുവില്‍ ആര്‍സിബിക്കെതിരെയാണ് മത്സരം.