New Delhi 2025 June 02 : Royal Challengers Bengaluru\'s captain Rajat Patidar and Punjab Kings\' captain Shreyas Iyer during a press conference on the eve of the Indian Premier League (IPL) 2025 final cricket match between Bengaluru and Punjab, in Ahmedabad. @ Rahul R Pattom
2026 ലെ ഐപിഎല്‍ സീസണ് ഈ മാസം 28ന് തുടക്കമാകും. സ്റ്റാര്‍ സ്പോര്‍ട്സാണ് തീയതി സ്ഥിരീകരിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് നിലവിലെ ചാംപ്യന്‍മാര്‍. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനെ ആറു റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി കിരീടം ചൂടിയത്.നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി കിരീടം നേടിയത്.
84 മല്‍സരങ്ങളാകും പത്തൊന്‍പതാം സീസണിലുണ്ടാവുക. പത്ത് ഫ്രാഞ്ചൈസികളുടെ ലീഗ് മല്‍സരങ്ങള്‍ മാര്‍ച്ച് 28 മുതല്‍ മേയ് 24 വരെ 10 നഗരങ്ങളിലായി നടക്കും. മേയ് 26നാണ് പ്ലേ ഓഫ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. ഒന്നാം ക്വാളിഫയറും മേയ് 31ലെ ഫൈനലും ചിന്നസ്വാമിയില്‍ നടക്കും. മറ്റ് പ്ലേ ഓഫുകളും രണ്ടാം ക്വാളിഫയറും അഹമ്മദാബാദിലും റായ്പുരിലുമായി നടക്കും. നിലവിലെ രീതി അനുസരിച്ച് ചാംപ്യന്‍മാരാണ് ടൂര്‍ണമെന്‍റിലെ ആദ്യ മല്‍സരം കളിക്കേണ്ടത്. അങ്ങനെയങ്കില്‍ ആര്‍സിബി പഞ്ചാബ് കിങ്സിനെ നേരിടും. അതേസമയം ഫിക്ചറുകള്‍ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ബംഗാള്‍, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഐപിഎല്‍ ഷെഡ്യൂള്‍ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. രണ്ട് ഘട്ടമായാകും പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിച്ച ശേഷം രണ്ടാം ഘട്ടവും പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്‍സിബിയുടെ അഞ്ച് ഹോം മല്‍സരങ്ങളും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ചാകും നടക്കുകയെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സന്തോഷ് മേനോന്‍ വ്യക്തമാക്കിയിരുന്നു. ആര്‍സിബിയുടെ രണ്ട് ഹോം മല്‍സരങ്ങള്‍ റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്‍റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാകും നടക്കുക.
ചിന്നസ്വാമിയില്‍ കളിക്കുമെന്നത് ആര്‍സിബിയും സ്ഥിരീകരിച്ചിട്ടുണ്ട്. സ്റ്റേഡിയം സജ്ജമാക്കിയതിനും അകമഴിഞ്ഞ പിന്തുണ നല്‍കുന്നതിനും നന്ദിയെന്നും ആര്‍സിബി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. 'കര്‍ണാടക സര്‍ക്കാര്‍, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, കര്‍ണാടക പൊലീസ് എന്നിവരുടെ പിന്തുണയ്ക്കുള്ള കടപ്പാട് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഹോം ഗ്രൗണ്ട് എന്നതിലപ്പുറം ചിന്നസ്വാമി സ്റ്റേഡിയത്തോട് ടീമിന് ആത്മബന്ധമുണ്ട്. ടീമെന്ന വികാരത്തിന് ഏറ്റവും ജീവന്‍ വയ്ക്കുന്ന ഇടം കൂടിയാണ്. ബെംഗളൂരുവിലെ ആരാധകര്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. നിരുപാധികം എക്കാലവും അവര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. അതുകൊണ്ട് തന്നെ അവരുടെ ടീം കളിക്കുന്നത് കാണാനുള്ള അവസരം അവര്‍ അര്‍ഹിക്കുന്നുണ്ട്. നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ച് മല്‍സരങ്ങള്‍ ചിന്നസ്വാമിയില്‍ കളിക്കാന്‍ തീരുമാനിച്ചു ' – എന്നായിരുന്നു പ്രസ്താവനയില്‍. ഹോം മല്‍സരങ്ങള്‍ റായ്പുരിലേക്ക് പൂര്‍ണമായും ആര്‍സിബി മാറ്റിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ നടത്തിയ സ്വീകരണത്തിലും ആഘോഷത്തിലുമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതേത്തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്തുന്നത് നിര്‍ത്തിവച്ചിരുന്നു. പിന്നീട് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ചട്ടപ്രകാരം ക്രമപ്പെടുത്തിയ ശേഷമാണ് സ്റ്റേഡിയത്തിന് അനുമതി നല്‍കിയത്.