Image: Manorama

  • ഒരു മല്‍സരത്തിന് 4.3 കോടി രൂപ വീതമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ് ബിസിസിഐയ്ക്ക് നല്‍കുക

ഇന്ത്യ–വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ 2028 വരെ ബിസിസിഐയുടെ ടൈറ്റില്‍ സ്പോണ്‍സറായി മുത്തൂറ്റ് ഫിന്‍കോര്‍പിനെ തിരഞ്ഞെടുത്തു. 2028 മാര്‍ച്ച് വരെ ഇന്ത്യയുടെ രാജ്യാന്തര മല്‍സരങ്ങളുടെ മുഖ്യ സ്പോണ്‍സറാകും മുത്തൂറ്റ് ഫിന്‍കോര്‍പ്. ബൈജൂസിന് ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു കമ്പനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ടൈറ്റില്‍ സ്പോണ്‍സറാകുന്നത്. ഒരു മല്‍സരത്തിന് 4.3 കോടി രൂപ വീതമാണ് ടൈറ്റില്‍ സ്പോണ്‍സര്‍ ബിസിസിഐയ്ക്ക് നല്കുക. 

35 മല്‍സരങ്ങളുള്ള സൈക്കിളില്‍ ഒരു മല്‍സരത്തിന് 4.85 കോടി രൂപ വീതമാണ് ബിസിസിഐ താല്‍പര്യപ്പെട്ട തുക. തൊട്ടുമുന്‍പത്തെ ടൈറ്റില്‍ സ്പോണ്‍സര്‍ IDFC ഫസ്റ്റ് ഒരു മല്‍സരത്തിന് 4.2 കോടി വീതമാണ് നല്‍കിയിരുന്നത്. 56 മല്‍സരങ്ങളടങ്ങിയ ഈ കരാര്‍ ഓഗസ്റ്റില്‍ അവസാനിച്ചിരുന്നു. 2023ല്‍ മൂന്ന് വര്‍ഷത്തേക്ക് 235.2 കോടിയുടെ കരാറാണ് ഐഡിഎഫ്സി ഫസ്റ്റ് ഒപ്പിട്ടത്.

ജൂലൈ 20നാണ് ബിസിസിഐ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് ടെന്‍ഡര്‍ ക്ഷണിച്ചത്. സെപ്റ്റംബര് 7 ആയിരുന്നു അവസാനതീയതി. ഒരുതവണ കാലാവധി നീട്ടിയിട്ടും ടെന്‍ഡറിലൂടെ സ്പോണ്‍സറെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായി ബിസിസിഐ നേരിട്ട് ധാരണയിലെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഐഡിഎഫ്സി ഫസ്റ്റിനെ അപേക്ഷിച്ച് പുതിയ കരാര്‍ മെച്ചപ്പെട്ടാണെന്ന് പറയാമെങ്കിലും ബിസിസിഐ നിശ്ചയിച്ച 4.85 കോടിയെന്ന അടിസ്ഥാന തുകയേക്കാള്‍ കുറവാണെന്ന് സ്പോര്‍ട്സ് മാര്‍ക്കറ്റിങ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

കാംപ, എസ്ബിഐ ലൈഫ്, ചാറ്റ് ജിപിടി എന്നിവരാണ് അസോഷ്യേറ്റ് പാര്‍ട്ണര്‍മാര്‍. 150 കോടി രൂപയാണ് പുതിയ മൂന്ന് പാര്‍ട്ണര്‍ഷിപ്പിലെ ആകെ കരാര്‍ തുക. ഇത് കഴിഞ്ഞ തവണത്തെക്കാള്‍ 44 ശതമാനം കൂടുതലാണ്. 

കരാര്‍ അനുസരിച്ച് കാംപ കോള ഒരു മല്‍സരത്തിന് 1.31 കോടി രൂപയും ചാറ്റ് ജിപിടിയും എസ്ബിഐ ലൈഫും 1.2 കോടി രൂപ വീതവും ബിസിസിഐയ്ക്ക് നല്‍കും. ബിസ്‌ലരിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും മല്‍സരമൊന്നിന് 1.2 കോടി രൂപ വീതം നല്‍കി അസോഷ്യേറ്റ് പാര്‍ട്ണറാകാനുള്ള കരാറിലുണ്ട്. അസോഷ്യേറ്റ് പാര്‍ട്ണറാകാനുള്ള റിസര്‍വ് തുക 82 ലക്ഷത്തില്‍ നിന്ന് 95 ലക്ഷമാക്കി വര്‍ധിപ്പിച്ചിരുന്നു. അപ്പോളോ ടയേഴ്സുമായി 579 കോടിയുടെ ജഴ്സി കരാറും ബിസിസിഐയ്ക്കുണ്ട്.

ENGLISH SUMMARY:

Muthoot FinCorp has been appointed as the official title sponsor of BCCI through March 2028 at ₹4.3 crore per match. The financial company takes over from IDFC First Bank. Additionally, Campa, SBI Life, and ChatGPT have signed on as associate partners in a combined ₹150 crore deal.