Image credit: X
ഐപിഎല്‍ മിനി ലേലത്തില്‍ തിളങ്ങിയ കുട്ടിത്താരങ്ങളടെ പോക്കറ്റില്‍ കോടിക്കിലുക്കമാണ്. ആഭ്യന്തര ക്രിക്കറ്റിലെയും സംസ്ഥാന ലീഗുകളിലെയും മികവാണ് ഇവരെ പൊന്നും വിലയുള്ള താരങ്ങളാക്കിയത്. പത്തുകോടിക്ക് മുകളില്‍ വില വീണത് രണ്ട് താരങ്ങള്‍ക്കാണ്. 14.2 കോടി വീതം. പന്ത് കണ്ണില്‍പ്പെട്ടാല്‍ സിക്സടിച്ച് പറത്താന്‍ വെമ്പുന്നവരാണ് അധികവും. അടുത്ത ഐപിഎല്‍ സീസണിലെ പുത്തന്‍ താരങ്ങളെ അറിയാം..
Image Credit: instagram.com/prashant_ritik
പ്രശാന്ത് വീര്‍: രവീന്ദ്ര ജഡേജയ്ക്കൊരു പകരക്കാരന്‍! പ്രശാന്ത് രാമേന്ദ്ര വീറെന്ന 20കാരനെ ചെന്നൈ സൂപ്പര്‍ കിങ്സ് ലേലത്തിലെടുത്തതിന് അങ്ങനെയൊരു ഉദ്ദേശം കൂടിയുണ്ടെന്ന് വേണം കരുതാന്‍. 14. 2 കോടി രൂപയാണ് മില്ലറെന്ന് കൂട്ടുകാര്‍ വിളിക്കുന്ന പ്രശാന്തിന് വേണ്ടി ചെന്നൈ മുടക്കിയത്. കണ്‍മുന്നിലെത്തുന്ന പന്ത് സിക്സര്‍ പറത്താനുള്ള ആവേശമാണ് പ്രശാന്തിനെ ശ്രദ്ധേയനാക്കുന്നത്. യുപി ട്വന്‍റി20യില്‍ 155 സ്ട്രൈക്ക് റേറ്റില്‍ 320 റണ്‍സും എട്ടുവിക്കറ്റുമാണ് പ്രശാന്തിന്‍റെ സമ്പാദ്യം.
കാര്‍ത്തിക് ശര്‍മ : 14.2 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കിയ മറ്റൊരു പവര്‍ ഹിറ്റര്‍. നിസാരക്കാരനല്ല കാര്‍ത്തിക് ശര്‍മ. 2023 ല്‍ രാജസ്ഥാന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് കാര്‍ത്തിക് ശര്‍മ ശ്രദ്ധിക്കപ്പെട്ടത്. രണ്ട് വര്‍ഷത്തിനിപ്പുറം അഞ്ച് ഫ്രാഞ്ചൈസികളാണ് കാര്‍ത്തികിനെ സ്വന്തമാക്കാന്‍ പണം വാരിയെറിയാന്‍ തയാറായത്. ഒടുവില്‍ പ്രശാന്ത് വീറിന് കൊടുത്ത അതേ തുകയ്ക്ക് കാര്‍ത്തികിനെയും ചെന്നൈ എടുത്തു. ട്വന്‍റി20യില്‍ 162.92 ആണ് കാര്‍ത്തികിന്‍റെ സ്ട്രൈക്ക് റേറ്റ്. വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവുമധികം സിക്സടിച്ച താരം. 2025–26 രഞ്ജിയുടെ ആദ്യ സീസണിലും മികച്ച പ്രകടനം. കഴിഞ്ഞ സീസണില്‍ സിഎസ്കെ താരങ്ങള്‍ക്കൊപ്പമായിരുന്നു കാര്‍ത്തികിന്‍റെ പരിശലനവും.
ഔക്വിബ് നബി : മിനി ലേലത്തില്‍ ഏറ്റവുമധികം വില വീണ ഇന്ത്യന്‍ ബോളറാണ് ഔക്വിബ്.8.40 കോടി രൂപയ്ക്കാണ് ഔക്വിബിനെ ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കിയത്. സ്വിങ് ബോളറായ ഔക്വിബ് ഡെത്തോവറുകളിലും പ്രകടനം മെച്ചപ്പെടുത്തിയ കാഴ്ചയാണ് സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ കണ്ടത്.
മങ്കേഷ് യാദവ് : MP ട്വന്‍റി20 ലീഗിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് മങ്കേഷ് യാദവ്. ഗ്വാളിയാര്‍ ചീറ്റാസിന് വേണ്ടി 14 വിക്കറ്റ് വീഴ്ത്തിയ താരം എമേര്‍ജിങ് പ്ലേയര്‍ പുരസ്കാരവുമായാണ് അന്ന് മടങ്ങിയത്. സയിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രടനം പുറത്തെടുത്ത താരത്തെ ആര്‍സിബി 5.20 കോടിക്കാണ് ലേലത്തില്‍ സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു മങ്കേഷിന്‍റെ അടിസ്ഥാന വിലയെന്ന് കൂടി ഓര്‍ക്കണം. യഷ് ദയാലിന് പകരക്കാരനായി ഇറക്കാന്‍ പറ്റിയ താരമാണ് മങ്കേഷെന്നാണ് വിലയിരുത്തല്‍.
Image credit:X
തേജസ്വി ദഹിയ : ധോണിയെ ആരാധിക്കുന്ന 23കാരന്‍. മൂന്ന് കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ താരം. വിക്കറ്റ് കീപ്പര്‍ ബാറ്ററായ തേജസ്വി കൂറ്റനടികളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഡല്‍ഹി പ്രീമിയര്‍ലീഗില്‍ വെടിക്കെട്ട് പ്രകടനമാണ് തേജസ്വി പുറത്തെടുത്തത്. 34 സിക്സടിച്ച നിതീഷ് റാണയ്ക്ക് പിന്നിലാണ് ലീഗിലെ സിക്സുകളുടെ എണ്ണത്തില്‍ തേജസ്വിയുടെ സ്ഥാനം. സയീദ് മുഷ്താഖ് അലി ട്രോഫിയിലാകട്ടെ ഒരു ഡല്‍ഹി ബാറ്ററുടെ രണ്ടാമത്തെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റാണ് താരം കുറിച്ചത്. 278.94. 305.26 ഉള്ള ഋഷഭ് പന്താണ് ഒന്നാമന്‍.
തേജസ്വി ദഹിയ , Image Credit: x
മുകുള്‍ ചൗധരി : 2.60 കോടി രൂപയ്ക്കാണ് മുകുള്‍ ചൗധരിയെ ലക്നൗ ലേലത്തില്‍ പിടിച്ചത്. തുടക്കത്തില്‍ ഫാസ്റ്റ് ബോളറായിരുന്നു മുകുള്‍. പക്ഷേ ക്രിക്കറ്റ് മുകുളിനായി കാത്തുവച്ചത് വിക്കറ്റ് കീപ്പറുടെ കൈയുറകളായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് രാജസ്ഥാനായി അരങ്ങേറ്റം കുറിച്ചെങ്കിലും രണ്ട് കളികള്‍ക്ക് പിന്നാലെ ടീമിന് പുറത്തായി. പക്ഷേ അണ്ടര്‍ 23 ല്‍ മിന്നുന്ന പ്രകടനവുമായാണ് മുകുള്‍ മടങ്ങിയെത്തിയത്. 102.83 ശരാശരിയില്‍ 617 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ രാജസ്ഥാന്‍ ടീമിലേക്കും അടഞ്ഞ വഴി തുറക്കപ്പെട്ടു.
സലില്‍ അറോറ, Image Credit:X
സലില്‍ അറോറ : ഒന്നരക്കോടി രൂപയ്ക്കാണ് സലില്‍ അറോറയെ സണ്‍ റൈസേഴ്സ് സ്വന്തമാക്കിയത്. ഫിനിഷറായി മികച്ച റെക്കോര്‍ഡാണ് താരത്തിനുള്ളത്. സയീദ് മുഷ്താഖ് അലി ട്രോഫിയില്‍ ഓഫ് സൈഡിലേക്കും ലെഗ് സൈഡിലേക്കും സിക്സുകള്‍ പായിച്ച് അമ്പരപ്പിച്ച താരം എട്ട് ഇന്നിങ്സുകളില്‍ നിന്നായി 358 റണ്‍സാണ് സ്വന്തമാക്കിയത്. സിക്സറുകളുടെ പട്ടികയിലും താരം മുന്നിലാണ്. 28 സിക്സറുകള്‍. അഭിഷേക് ശര്‍മ 26 സിക്സടിച്ച് തൊട്ടുപിന്നിലുണ്ട്. ആവശ്യമെങ്കില്‍ വിക്കറ്റ് കീപ്പറായും സലില്‍ അറോറയെ ഹൈദരാബാദിന് ഉപയോഗിക്കാനാവും.
നമന്‍ തിവാരി : യുപി ട്വന്‍റി20യിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ് നമന്‍. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി നെറ്റ്സില്‍ പന്തെറിയാനെത്തി ഐപിഎല്‍ പരിചയവുമുണ്ട്. ഇനി ലക്നൗവിന് വേണ്ടി കളത്തിലിറങ്ങാം. ഒരു കോടി രൂപയ്ക്കാണ് നമനെ ലക്നൗ സ്വന്തമാക്കിയത്. 16–ാം വയസില്‍ തന്നെ സെലക്ടര്‍മാരുടെ കണ്ണുകള്‍ നമനില്‍ പതിഞ്ഞിരുന്നുവെന്നതാണ് വാസ്തവം.