ഐപിഎല്‍ 2026 സീസണിലെ ഏറ്റവും വലിയ കൈമാറ്റമായിരുന്നു സഞ്ജു സാംസണിന്‍റേത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലേക്കാണ് താരമെത്തിയത്. പകരമായി രവീന്ദ്ര ജഡേജ രാജസ്ഥാനിലുമെത്തി. ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ മാസങ്ങളോളം പിടിച്ചുപറ്റിയ ഈ കൈമാറ്റത്തിന് പിന്നിലെ അറിയാക്കഥകള്‍ വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി.
സഞ്ജുവിന്‍റെ ക്രിക്കറ്റ് കളി കണ്ടിട്ടോ, സാമ്പത്തിക കാരണങ്ങളാലോ അല്ല ചെന്നൈ സ്വന്തമാക്കിയതെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ വിഹാരി പറയുന്നത്. സഞ്ജുവിന്‍റെ ആരാധകവൃന്ദമാണ് ചെന്നൈയെ ആകര്‍ഷിച്ചതെന്നും അതല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് കരുതാന്‍ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സഞ്ജുവിന് ദക്ഷിണേന്ത്യയില്‍ വന്‍ ആരാധകരാണുള്ളത്. ഐപിഎലില്‍ ക്രിക്കറ്റ് മാത്രമാണ് പ്രധാനമെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ക്രിക്കറ്റിനുമപ്പുറത്തേക്ക് ഒരു കളിക്കാരന് എത്രമാത്രം വിപണിമൂല്യമുണ്ടെന്നാണ് ഐപിഎല്‍ ഉടമകള്‍ ചിന്തിക്കുക. സഞ്ജു എവിടെ കളിച്ചാലും കേരളത്തില്‍ നിന്നുള്ള ആരാധകര്‍ സഞ്ജുവിനായി ആര്‍ത്തുവിളിക്കും. അവര്‍ കളി കാണാന്‍ എത്തുകയും ചെയ്യും. സമൂഹമാധ്യമങ്ങളിലും ആഘോഷമാക്കും. അതല്ലാതെ അടുത്ത സീസണില്‍ ഓപ്പണറാക്കാന്‍ വേണ്ടിയല്ല. ആവശ്യത്തിന് ഓപ്പണര്‍മാര്‍ ചെന്നൈക്കുണ്ട്'- വിഹാരി വിശദീകരിക്കുന്നു.
സഞ്ജുവിനെ കുറിച്ച് ആലോചിക്കുന്നതിന് മുന്‍പ് തന്നെ അടുത്ത സീസണിലേക്ക് ഓപ്പണര്‍മാര്‍ ചെന്നൈയ്ക്കുണ്ടായിരുന്നുവെന്നതാണ് വാസ്തവം. ഋതുരാജ് ഗെയ്ക്ക്വാദ്, ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍ തുടങ്ങിയവര്‍ ഓപ്പണര്‍മാരായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ്. സഞ്ജു കൂടി എത്തുമ്പോള്‍ അത് കൂടുതല്‍ ശക്തമാകുന്നുവെന്നേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ചെന്നൈയില്‍ സഞ്ജു ഓപ്പണറാവില്ലെന്നും മൂന്നാമനായി ഇറങ്ങാനാണ് സാധ്യതയെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗെയ്ക്വാദിനെ പോലെയൊരാള്‍ ഉള്ളപ്പോള്‍ സഞ്ജുവിനെ ഓപ്പണറാക്കേണ്ടതില്ല. പരുക്കിന് ശേഷം രാജസ്ഥാനായി സഞ്ജു മൂന്നാമനായാണ് ഇറങ്ങിയതെന്ന് ഓര്‍ക്കണമെന്നും വിഹാരി വ്യക്തമാക്കുന്നു.
കഴിഞ്ഞ സീസണില്‍ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയതെങ്കിലും പരുക്കും ടീമിനുള്ളിലെ അസ്വസ്ഥതകളും താരത്തെ ഫ്രാഞ്ചൈസി മാറാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 18 കോടിയുടെ കരാറില്‍ സഞ്ജു ചെന്നൈയില്‍ എത്തുകയായിരുന്നു. 2012 ല്‍ ഐപിഎലില്‍ കൊല്‍ക്കത്തയിലൂടെ അരങ്ങേരം കുറിച്ച സഞ്ജു 2013 ല്‍ രാജസ്ഥാനിലെത്തി. പിന്നീട് രണ്ട് സീസണുകളില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായിരുന്നു. 2018 ല്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സിലെത്തുകയായിരുന്നു. 2021 ല്‍ ക്യാപ്റ്റനുമായി. ഈ സീസണില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജുവിനെ കാണാം.