ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഇനി പുതിയ ഹോം ഗ്രൗണ്ട്. കഴിഞ്ഞ സീസണിലെ വിജയാഘോഷത്തിനിടെയുണ്ടായ തിരിക്കിലും തിരക്കിലും 11 മരണം ഉണ്ടായതിന് പിന്നാലെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നും മത്സരങ്ങള്‍ മാറ്റുന്നത്. സുരക്ഷയും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് നടപടി.

2026 സീസണിലെ ഹോം മത്സരങ്ങള്‍ നവി മുംബൈയിലും റായ്പൂരിലുമായാണ് കളിക്കുക. അഞ്ച് ഹോം മത്സരങ്ങള്‍ നവി മുംബൈയില്‍ കളിക്കും. രണ്ടെണ്ണം റായ്പൂരിലാണ് കളിക്കുക. ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആര്‍സിബി അധികൃതര്‍ വേദി അന്തിമമായി തീരുമാനിച്ചത്. വലിയ ഒത്തുചേരലുകള്‍ക്ക് സ്റ്റേഡ‍ിയം അപകടമാണെന്ന് ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുൻഹ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ആര്‍സിബി വേദി മാറ്റുന്നത്. 

ജൂലൈ നാലിന് നടന്ന അപകടത്തിന് ശേഷം പ്രധാനപ്പെട്ട മത്സരങ്ങളൊന്നും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്നിരുന്നില്ല. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സുരക്ഷ കണക്കിലെടുത്ത് അനുമതി നല്‍കിയിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിലെ മത്സരങ്ങള്‍ നടത്താനും സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. 

വരുന്ന ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട ഭരണപരമായ പ്രശ്നങ്ങളാണ് ടീമിന് പ്രതിസന്ധിയായത്. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നത് ബുദ്ധിമുട്ടാകുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

RCB Home Ground has been shifted due to safety concerns at Chinnaswamy Stadium. The team will play its home matches in Navi Mumbai and Raipur for the upcoming seasons.