14.20 കോടി മുടക്കി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറിനെ ടീമിലെടുത്ത ചെന്നൈ സൂപ്പര്‍ കിങ്സ് വീണ്ടും ഞെട്ടിച്ചു. ഐപിഎല്‍ ലേലത്തില്‍ 14.20 കോടി രൂപയ്ക്ക് വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക് ശര്‍മയെയാണ് ചെന്നൈ അടുത്തതായി ടീമിലെത്തിച്ചത്. 30 ലക്ഷം രൂപയായിരുന്നു 19 കാരന്‍റെ അടിസ്ഥാന വില.
മുംബൈ ഇന്ത്യന്‍സാണ് 30 ലക്ഷത്തില്‍ ലേലം ആരംഭിച്ചത്. ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സ്, കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് എന്നിവര്‍ തമ്മിലായിരുന്നു തുടക്കത്തിലെ ലേലം. മൂന്നു കോടി രൂപയിലാണ് ചെന്നൈ ലേലത്തില്‍ എത്തുന്നത്. അവസാന റൗണ്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും എത്തിയെങ്കിലും 14.20 കോടിക്ക് ചെന്നൈ ലേലം ഉറപ്പിച്ചു.
ആഭ്യന്തര ക്രിക്കറ്റില്‍ ലോവര്‍ ഓഡറില്‍ തകര്‍ത്തടിച്ച ബാറ്റിങാണ് രാജസ്ഥാന്‍ ബാറ്ററെ ശ്രദ്ധാകേന്ദ്രമാക്കിയത്. സെയ്ദ് മുഷ്താഖ് അലി ട്രോഫി ലീഗ് ഘട്ടത്തില്‍ അഞ്ചു മത്സരങ്ങളില്‍ നിന്നും 133 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്. സ്ട്രൈക്ക് റേറ്റ് 160. 12 ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നായി 28 സിക്സറുകള്‍ സഹിതം 334 റണ്‍സാണ് കാര്‍ത്തിക്കിന്‍റെ പേരിലുള്ളത്. സെട്രൈക്ക് റേറ്റ് 164. 30.36 ആണ് ആവറേജ്. രഞ്ജി അരങ്ങേറ്റത്തില്‍ ഉത്തരാഖണ്ഡിനെതിരെ രാജസ്ഥാനു വേണ്ടി കാര്‍ത്തിക്ക് സെഞ്ചറി നേടിയിരുന്നു. കഴിഞ്ഞ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ എട്ട് ഇന്നിങ്സില്‍ നിന്നായി 445 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 118.03 ആണ് സ്ട്രൈക്ക് റേറ്റ്.
മൂന്നു പേരെയാണ് ഇതുവരെ ചെന്നൈ ടീമിലെത്തിച്ചത്. പ്രശാന്ത് വീറും കാര്‍ത്തിക്ക് ശര്‍മയും കൂടാതെ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള അക്കീല്‍ ഹൊസീനെ രണ്ടു കോടിക്ക് ചെന്നൈ ടീമിലെത്തിച്ചു. 32കാരനായ താരം 2023 ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ കളിച്ചിരുന്നു.
പ്രശാന്ത് വീര്‍ ചെന്നൈയില്‍
ഓള്‍റൗണ്ടറായ പ്രശാന്ത് വീറിനെയാണ് ചെന്നൈ ടീമിലെടുത്ത് ഞെട്ടിച്ചത്. യുപി ട്വന്റി 20 ലീഗില്‍ നോയിഡ സൂപ്പര്‍ കിങ്സിനായി കളിക്കുമ്പോഴാണ് പ്രശാന്ത് വീര്‍ ശ്രദ്ധിക്കപ്പെടുന്നത്. 20 കാരനായ ഇടംകയ്യന്‍ സ്പിന്നര്‍ ഓള്‍റൗണ്ടര്‍ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിലൂടെയും ശ്രദ്ധിക്കപ്പെട്ടു. യുപി ലീഗില്‍ 10 മത്സരങ്ങളില്‍ നിന്നായി എട്ട് വിക്കറ്റും 320 റണ്‍സും നേടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 170 സ്ട്രൈക്ക് റേറ്റിൽ 112 റൺസാണ് പ്രശാന്ത് നേടിയത്. 6.76 എക്കോണമിയിൽ ഒമ്പത് വിക്കറ്റും സ്വന്തമാക്കി. രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനെ തിരയുന്ന ചെന്നൈ സൂപ്പർ കിംഗ്സ് പ്രശാന്തിനെ ട്രെയല്‍സിന് പരിഗണിച്ചിരുന്നു. ലേലത്തില്‍ ടീമിലേക്കും എത്തിച്ചു. മിഡില്‍ ഓര്‍ഡറില്‍ തിളങ്ങാന്‍ കഴിയുന്ന താരം ജഡേജയ്ക്ക് പകരക്കാരനായാണ് പരിഗണിക്കുന്നത്.