സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്സിന് കൈമാറിയുള്ള രാജസ്ഥാന്‍റെ സ്വാപ്പ് ഡീല്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ബിസിസിഐയില്‍ നിന്നുള്ള അന്തിമാനുമതിക്ക് കാത്തിരിക്കുകയാണ് ഇരു ഫ്രാഞ്ചൈസികളും. അതേസമയം, ചെന്നൈയില്‍ എന്തായിരിക്കും സഞ്ജുവിന്‍റെ റോള്‍ എന്നതില്‍ നിലവില്‍ ചില സംശയങ്ങളുണ്ട്. 

ചെന്നൈ സൂപ്പര്‍ കിങ്സില്‍ ഋതുരാജ് ഗെയ്‍ക്വാദിനൊപ്പം സഞ്ജുവിന് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ വിക്കറ്റ് കീപ്പര്‍ റോളിലേക്ക് എത്താന്‍ സഞ്ജു സാംസണ് ചെന്നൈയില്‍ കാത്തിരിക്കേണ്ടി വരും. 2026 സീസണില്‍ ചെന്നൈയ്ക്കായി ധോണി കളിക്കുമെന്ന സ്ഥിരീകരണമാണ് ഇതിന് അടിസ്ഥാനം. ചെന്നൈയില്‍ ധോണി കളിക്കുന്നിടത്തോളം അദ്ദേഹം ബാറ്റിങ് മാത്രമായി കൈകാര്യം ചെയ്യില്ലെന്നാണ് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരമായ എസ്. ബദരീനാഥ് പറയുന്നത്. 

Also Read: സഞ്ജു– ജഡേജ– സാം കറന്‍ ഡീലില്‍ പ്രശ്നങ്ങള്‍; പന്ത് രാജസ്ഥാന്‍റെ കോര്‍ട്ടില്‍; തിരിച്ചടി ഐപിഎല്‍ നിയമം

ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആയതിനാല്‍ പരമാവധി സമയം ഗ്രൗണ്ടില്‍ തുടരാന്‍ കീപ്പങ് കൂടി ധോണി ചെയ്യും എന്നാണ് ബദരീനാഥ് കരുതുന്നത്. ''ധോണി ഇംപാക്ട് പ്ലെയറായി കളിക്കില്ല. കളിക്കുകയാണെങ്കില്‍ കീപ്പറായി തന്നെ കളിക്കും. ചെപ്പോക്കില്‍ തുടരുക എന്നതാണ് ധോണി കളിക്കുന്നതിലെ പ്രധാന കാരണം. ഇംപാക്ട് താരമായാല്‍ അവസാന രണ്ടോവറില്‍ മാത്രമെ ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍ സാധിക്കുകയുള്ളൂ. ബാറ്റിങിന് ഇറങ്ങുമോ എന്ന് ഉറപ്പിക്കാനും സാധിക്കില്ല'', ബദരീനാഥ് പറഞ്ഞു

ധോണി മുഴുവന്‍ സീസണും കളിച്ചേക്കില്ലെന്നും ബദരീനാഥ് പറയുന്നു. ''ധോണി പുറത്തിരിക്കുകയും സഞ്ജു സംസാണ‍്‍ വിക്കറ്റ് കീപ്പറാവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകില്ല. ധോണി സീസണ്‍ മുഴുവന്‍ കളിച്ചേക്കില്ല. പക്ഷേ വിക്കറ്റ് കീപ്പറായി അവിടെയുണ്ടാകും. ക്യാപ്റ്റനാകുമോ എന്നതില്‍ ഉറപ്പില്ല. ഇക്കാര്യത്തില്‍ ധോണി തീരുമാനമെടുക്കുകയും സഞ്ജുവുമായി സംസാരിക്കും'' എന്നാണ് ബദരീനാഥ് പറഞ്ഞു.  

അതേസമയം നിലനിര്‍ത്തേണ്ട താരങ്ങള്‍ ആരൊക്കെ എന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്, എം.എസ് ധോണി എന്നിവര്‍ ചര്‍ച്ച നടത്തും. സ്വാപ്പ് ഡീലില്‍ രവീന്ദ്ര ജഡേജയെ രാജസ്ഥാന് കൈമാറുന്നതോടെ സ്പിന്നര്‍മാരില്‍ ടീമിന് വലിയ വിടവ് വരും. അതിനാല്‍ മിനി ലേലത്തില്‍ ജഡേജയ്ക്ക് പകരക്കാരനായൊരു സ്പിന്നറെയാണ് ചെന്നൈ തിരയുക. നിലവില്‍ നൂര്‍ അഹമ്മദാണ് ചെന്നൈയുടെ തുറുപ്പിചീട്ട്.

ENGLISH SUMMARY:

Sanju Samson's move to CSK (in exchange for Jadeja & Sam Curran) awaits BCCI nod. Ex-CSK player S. Badrinath suggests Dhoni will keep wickets for his final season, leaving Samson as an opener. CSK faces spin gap after Jadeja trade.