ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റത്തിന് എല്ലാ ഉറപ്പും ലഭിച്ചിട്ടും എന്തുകൊണ്ടാണ് സഞ്ജു– ജഡേജ– സാം കറന്‍ ഡീല്‍ പൂര്‍ത്തിയാകാത്തത്? താരങ്ങളുടെ സമ്മതപത്രം ലഭിച്ചെങ്കിലും ഔദ്യോഗിക അപേക്ഷ ബിസിസിഐയ്ക്ക് മുന്നിലെത്തിയിട്ടില്ല. ഇതിനെല്ലാം കാരണം രാജസ്ഥാന്‍ റോയല്‍സിന് എതിരായ ഐപിഎല്‍ നിയമങ്ങളാണ്.
സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് എത്തുന്നത് വൈകിപ്പിക്കുന്നത് മൂന്നാം താരത്തെ സംബന്ധിച്ച പ്രതിസന്ധിയാണ്. സഞ്ജുവിന് പകരം രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടത് രവീന്ദ്ര ജഡേജയെയും ഇംഗ്ലീഷ് താരം സാം കറനെയുമാണ്. ഇതു താരങ്ങളെയും കൈമാറാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സമ്മതിച്ചെങ്കിലും രാജസ്ഥാന്‍റെ വിദേശ താരങ്ങളുടെ ക്വാട്ട പൂര്‍ണമാണ്.
ഐപിഎല്‍ നിയമപ്രകാരം നിലവിലുള്ളൊരു വിദേശ താരത്തെ റിലീസ് ചെയ്താല്‍ മാത്രമെ രാജസ്ഥാന് സാം കറനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ. 30 ലക്ഷം രൂപയാണ് താരങ്ങള്‍ക്കായി ചെലവാക്കാന്‍ വേണ്ടി രാജസ്ഥാന്‍റെ കയ്യില്‍ ബാക്കിയുള്ളത്. അതേസമയം, 2.40 കോടി രൂപയാണ് സാം കറന്‍റെ ലേലത്തുക. ഇതും പ്രതിസന്ധിയാണ്. സഞ്ജുവിന് പകരം ജഡേജയെ കൈമാറിയുള്ള സ്വാപ് ഡീലിന് നിലവില്‍ പ്രതിസന്ധിയില്ല. എന്നാല്‍ മൂന്നാം താരത്തെ എങ്ങനെ ഉള്‍കൊള്ളും എന്നതാണ് തീരുമാനം വൈകിപ്പിക്കുന്നത്.
ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, ക്വേന മഫാക്ക, നന്ദ്രെ ബർഗർ, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ് എന്നിങ്ങനെ നിലവില്‍ എട്ട് വിദേശതാരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ട്. 14 ഇന്ത്യന്‍ താരങ്ങളടക്കം നിലവില്‍ 22 പേരാണ് രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ളത്. കയ്യില്‍ പണമുണ്ടെങ്കില്‍ 25 താരങ്ങളെ വരെ ടീമിന് ഉള്‍പ്പെടുത്താം.
സഞ്ജു– ജഡേജ– സാം കറന്‍ ഡീല്‍ നടക്കണമെങ്കില്‍ 2.40 കോടി ലേലത്തുകയുള്ള വിദേശ താരത്തെ രാജസ്ഥാന്‍ റോയല്‍സിന് റിലീസ് ചെയ്യേണ്ടി വരും. ശ്രീലങ്കന്‍ താങ്ങളായ വനിന്ദു ഹസരംഗ (5.25 കോടി), മഹേഷ് തീക്ഷണ (4.40 കോടി) എന്നിവരെ റിലീസ് ചെയ്യാന്‍ രാജസ്ഥാന്‍ നേരത്തെ ആലോചിച്ചിരുന്നു. അങ്ങനെയെങ്കില്‍ വിദേശ താരങ്ങളുടെ ക്വാട്ടയില്‍ ഒഴിവ് വരുകയും ആവശ്യത്തിന് പണം ലഭിക്കുകയും ചെയ്യും.
2026 ലെ ലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യപിക്കാനുള്ള തീയതി നവംബര്‍ 15 നാണ്. അങ്ങനെയെങ്കില്‍ നവംബര്‍ 15 ന് ശേഷം മാത്രമെ ഇക്കാര്യം നടപ്പിലാകൂ എന്നാണ് സൂചന. കരാര്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നതിനാല്‍ ഫ്രാഞ്ചൈസികളോ താരങ്ങളോ നിലവിലെ തീരുമാനത്തില്‍ നിന്നും പിന്മാറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്‍റെ നടപടികളെ അടിസ്ഥാനമാക്കിയാകും സഞ്ജു– ജഡേജ– സാം കറന്‍ ഡീലിന്‍റെ ഭാവി.