വാഖഡേയില്‍ സഞ്ജു സാംസണ്‍ തുടങ്ങിവച്ച മാലപ്പടക്കത്തിന്‍റെ തിരി അണയാതെ ബാക്കിയുള്ളവരും. പന്തില്‍ നിന്നും ആനുകൂല്യം പ്രതീക്ഷിച്ച് ടോസ് നേടിയിട്ടും ബൗളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ പന്ത് കണക്കിന് പരീക്ഷിച്ചു. ലോകകപ്പ് സെമി ഫൈനലില്‍ 254 കൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്. 89 റണ്‍സ് നേടിയ സഞ്ജുവിന്‍റെ ഇന്നിങ്സാണ് അടിത്തറ. ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു.
ബൗണ്ടറിയും അടുത്ത പന്തില്‍ സിക്സും. ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് സൂചന നല്‍കിയാണ് സഞ്ജു തുടങ്ങിയതെങ്കിലും മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് തന്നെ സഞ്ജുവിനെ കൈവിട്ടു. സഞ്ജുവും അഭിഷേക് ശര്‍മയും തുടക്കത്തിലെ അടിച്ചു കളിച്ചു. രണ്ടാം ഓവറില്‍ വില്‍ ജാക്സിനെ അഭിഷേക് രണ്ട് ബൗണ്ടറിയടിച്ചെങ്കിലും അവസാന പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി പുറത്തായി. മികച്ച രീതിയില്‍ കളിച്ച ഇഷാന്‍ കിഷന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാമത് നഷ്ടമായത്. റാഷിദ് ഖാനെ സിക്സറടിക്കാനുള്ള ശ്രമത്തില്‍ വില്‍ ജാക്സിന് ക്യാച്ച് നല്‍കുകയായിരുന്നു. നാലു ബൗണ്ടറിയും രണ്ട് സിക്സറും സഹിതം ഇഷാന്‍ 18 പന്തില്‍ 39 റണ്‍സെടുത്തു. പവര്‍ പ്ലേയില്‍ 67 റണ്‍സുമായി മികച്ച തുടക്കം നല്‍കിയെങ്കിലും റണ്‍സിന് വേഗം കൂടിയത് പിന്നീടാണ്. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 119 കടന്നു. റാഷിദ് ഖാന്‍ എറിഞ്ഞ ഒന്‍പതാം ഓവറില്‍ 20 റണ്‍സാണ് അടിച്ചെടുത്തത്.
42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു വില്‍ ജാക്സിന്‍റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി പുറത്തായി. എട്ട് ഫോറും ഏഴു സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്‍റെ ഇന്നിങ്സ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു അര്‍ധ സെഞ്ചറി േനടുന്നത്. 27 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്‍റെ സെഞ്ചറി. ട്വന്‍റി 20 ലോകകപ്പ് നോക്കൗട്ടില്‍ നാലാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് സഞ്ജുവിന്‍റേത്. സെമിയില്‍ മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെ കോലി പുറത്താകാതെ നേടിയ 89 റണ്‍സിന് തൊട്ടു താഴെയാണ് സഞ്ജു.
ശിവം ദുബൈ (25 പന്തി്ല്‍ 43), സൂര്യകുമാര്‍ യാദവ് (ആറു പന്തില്‍ 11), തിലക് വര്‍മ (ഏഴു പന്തില്‍ 21) ഹര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 27) എന്നിവരും മികച്ച രീതിയില്‍ ബാറ്റു ചെയ്തു. നാലോവര്‍ പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ 61 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. സാം കരന് നാലോവറില്‍ 53 റണ്‍സ് വഴങ്ങി. ഇംഗ്ലീഷ് ബൗളിങ് നിരയില്‍ നാലോവര്‍ പന്തെറിഞ്ഞ എല്ലാവരും 40 റണ്‍സ് വഴങ്ങി.