തൃശൂരിലെ റിമാന്‍ഡ് പ്രതി രേഷ് ബാബുവിന്റെ മരണം മര്‍ദനം മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതിനെത്തുടര്‍ന്ന് രക്തസ്രാവമുണ്ടായി മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പൊലീസ് മര്‍ദിച്ചതായി രേഷ് ബാബുവിന്റെ പിതാവ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തൃശൂരില്‍ വഴിയാത്രക്കാരനെ മര്‍ദിച്ച് പണവും വാച്ചും കവര്‍ന്ന കേസില്‍ റിമാന്‍ഡിലായ തടവുകാരന്‍ പുലക്കോട്ടുക്കര സ്വദേശിയായ മുപ്പത്തിമൂന്നു വയസുകാരന്‍ രേഷ് ബാബുകഴിഞ്ഞ ദിവസമാണ് മരിച്ചത്. സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.
ശക്തന്‍ബസ് സ്റ്റാന്‍ഡിനു സമീപം വഴിയാത്രക്കാരനെ വളഞ്ഞിട്ട് തല്ലിയ ശേഷം പണവും വാച്ചും ഫോണും കവര്‍ന്ന സംഭവത്തില്‍ പുലക്കോട്ടുക്കര സ്വദേശിയായ രേഷ് ബാബു ഉള്‍പ്പെടെ നാലു പേരാണ് പിടിയിലായത്. മേയ് പതിനെട്ടിനാണ് രേഷ് ബാബു ജില്ലാ ജയിലില്‍ റിമാന്‍ഡിലായത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥകള്‍ തുടങ്ങി. രക്തം ഛര്‍ദിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം കൂടി തലയിലെ ഞരമ്പ് പൊട്ടിയെന്നാണ് ഡോക്ടര്‍ വീട്ടുകാരോട് പറഞ്ഞത്. പക്ഷേ, രേഷ് ബാബുവിന് മര്‍ദനമേറ്റിരിക്കാമെന്നാണ് വീട്ടുകാരുടെ സംശയം. അത് ജയിലിനകത്താണോ പുറത്താണോയെന്ന് കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു അച്ഛന്‍ പരാതി നല്‍കി. നാലു മാസം മുന്‍പ് വീട് വിട്ടുപോയതാണ് രേഷ് ബാബുവെന്ന് അച്ഛന്‍ പറഞ്ഞു.
അറസ്റ്റിലായി കോടതിയില്‍ ഹാജരാക്കിയ സമയത്ത് പൊലീസ് മര്‍ദനത്തിന്‍റെ കാര്യമൊന്നും പ്രതികള്‍ മജിസ്ട്രേറ്റിനോട് പറഞ്ഞിട്ടില്ല. പ്രതികളെ ഹാജരാക്കിയതും വൈദ്യപരിശോധനയ്ക്കു ശേഷമാണ്. ജയിലില്‍ മര്‍ദനമേറ്റോയെന്ന് അറിയാന്‍ കൂട്ടുപ്രതികളുടെ മൊഴിയെടുക്കും.