അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ധ്രുവൻ ജീവിക്കണമെങ്കിൽ ഇനി നിങ്ങളുടെ സഹായം വേണം. അപൂർവ്വ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ്-1 ബാധിച്ച ധ്രുവന് ചികിത്സയ്ക്കായി വേണ്ടത് 16 കോടി രൂപയാണ്. ധ്രുവന്റെ കൊഞ്ചലും ചിരിയും നിലനിർത്താനായി കൈ കോർത്ത കൂത്താട്ടുകുളം കിഴകൊമ്പിലെ നാട്ടുകാർ ഇതുവരെ മൂന്നരക്കോടി സമാഹരിച്ചിട്ടുണ്ട്.
ജനിച്ച് മാസങ്ങൾ പിന്നിടുമ്പോൾ കടുത്ത രോഗത്തോട് പോരാടുകയാണ് ഈ കുഞ്ഞ്. കിഴകൊമ്പ് പമ്പഴക്കുന്നേൽ അനന്തു അശോകിന്റെയും അശ്വതിയുടെയും ഏകമകനായ ധ്രുവാന് അപൂർവ ജനിതക രോഗമാണ്. ജനിച്ച് ഒരു മാസമായപ്പോൾ അനന്തുവും അശ്വതിയും വേദനയോടെ തിരിച്ചറിഞ്ഞു- ധ്രുവാന്റെ കാലുകളുടെ ചലനശേഷി കുറയുന്നു.
ധ്രുവാന്റെ പേശികളുടെ ബലം ക്രമേണ നഷ്ടപ്പെടും, ഒടുവിൽ ചലിക്കാനാവാത്ത അവസ്ഥയാകും. തുടർച്ചയായ പരിശോധനകൾക്കൊടുവിൽ രോഗം കണ്ടെത്തി. ധ്രുവാനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ ജീൻ തെറാപ്പിയാണ് ഏക മാർഗം. മരുന്ന് വിദേശത്തേ കിട്ടൂ. ഭാരിച്ച ചികിത്സാചെലവും.
ദിവസവേതനക്കാരായ അനന്തുവിനും അശ്വതിക്കും കൂട്ടിയാൽ കൂടില്ല ഈ ഭീമമായ ചെലവ്. കുടുംബത്തിന്റെ നിസഹായാവസ്ഥയിൽ നാട്ടുകാർ ഒരുമിച്ചു. സഹായസമിതി രൂപീകരിച്ചു. പക്ഷേ അവയവങ്ങൾ ഓരോന്നായി നിശ്ചലമായിക്കൊണ്ടിരിക്കുന്ന ധ്രുവാന് മുന്നിൽ സമയം കുറവാണ്. ഇതുവരെ സമാഹരിച്ച മൂന്നരക്കോടി 16 കോടിയാക്കാൻ എല്ലാവർക്കും കൈ കോർക്കാം.