സഞ്ജു സാംസണിന്‍റെ ചെന്നൈ സൂപ്പര്‍ കിങ്സിലേക്കുള്ള കൂടുമാറ്റം ഉടന്‍ ഔദ്യോഗികമാകുമെന്ന് റിപ്പോര്‍ട്ട്. ഇരു ടീമുകളും മൂന്നു താരങ്ങളുടെയും സമ്മതപത്രം നേടിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ബിസിസിഐയെയോ ഐപിഎല്ലിനെയോ അറിയിച്ചിട്ടില്ല. ബിസിസിഐയില്‍ നിന്നും അന്തിമാനുമതി ലഭിച്ചാല്‍ പ്രഖ്യാപനമുണ്ടാകും.
ഐപിഎല്‍ നിയമപ്രകാരം താരങ്ങളെ ട്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ആദ്യം സമ്മതപത്രം സമര്‍പ്പിക്കണം. ശേഷം ഇടപാടിലുള്ള ഫ്രാഞ്ചൈസിയുടെ അഭിപ്രായം ആരായും. ഇതിന് 48 മണിക്കൂര്‍ സമയമെടുക്കും. കൈമാറ്റം ചെയ്യേണ്ട താരം നിലവില്‍ കളിക്കുന്ന ടീം ചർച്ചയ്ക്ക് സമ്മതിച്ചാൽ താരത്തിന്റെ ഔദ്യോഗിക സമ്മതം ലഭിക്കും. ശേഷം ഔദ്യോഗിക ചട്ടകൂടിനുള്ളിൽ ചർച്ച നടത്താം.
ഇതിന് ശേഷം ബിസിസിഐയുടെ അനുമതിക്ക് ശേഷമെ ഇടപാടിന് ഔദ്യോഗികമായി അന്തിമരൂപം നൽകാൻ കഴിയൂ. ഇടപാടിലുള്ള സാം കറന്‍ വിദേശ താരമായതിനാല്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും അനുവാദം ലഭിക്കണം. സ്വാപ് ഡീല്‍ വഴി സഞ്ജുവിനെ ചെന്നൈയിലെത്തിക്കുന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയുമാണ് രാജസ്ഥാന്‍ കൈമാറുക.
അതേസമയം, സഞ്ജുവിന് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ജഡേജയ്ക്കായി കമന്‍റിടുകയാണ് ചെന്നൈ ആരാധര്‍. ജഡേജയാണ് ദളപതിയെന്നും ആര്‍ക്കും അദ്ദേഹത്തിന് പകരമാകാന്‍ സാധിക്കില്ലെന്നുമാണ് കമന്‍റ്. വീ വാന്‍ഡ് ജഡ്ഡു എന്നും ജഡേജയെ നിലനിര്‍ത്തണമെന്നും അടക്കം കമന്‍റുകളുണ്ട്.